മാരുതി സുസുക്കി എസ്-പ്രെസോയുടെ മുഖംമിനുക്കിയ പതിപ്പ് അവതരിപ്പിച്ചു. ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്ന എന്‍ജിനുമായി എത്തിയിട്ടുള്ള 2022 എസ്-പ്രെസോയിക്ക് 4.25 ലക്ഷം രൂപയാണ് പ്രാരംഭ വില. മുന്‍ മോഡലിനെ അപേക്ഷിച്ച് വേരിയന്റിന്റെ അടിസ്ഥാനത്തില്‍ 70,000 രൂപ വരെ വര്‍ധിപ്പിച്ചാണ് പുതിയ മോഡല്‍ മാരുതി സുസുക്കി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. മുന്‍ പതിപ്പിന് നാല് ലക്ഷം രൂപയിലാണ് വില ആരംഭിച്ചിരുന്നത്.
ഫീച്ചറുകളിലും സ്‌റ്റൈലിലും നേരിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും പ്രധാനമാറ്റം മെക്കാനിക്കലായാണ് നല്‍കിയിട്ടുള്ളത്. ആള്‍ട്ടോ കെ10, വാഗണ്‍ആര്‍ മോഡലുകളില്‍ നല്‍കിയിരുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് പകരം 1.0 ലിറ്റര്‍ കെ-സീരീസ് ഡ്യുവല്‍ജെറ്റ്, ഡ്യുവല്‍ വി.വി.ടി. എന്‍ജിനാണ് ഈ വാഹനത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 66 ബി.എച്ച്.പി. പവറും 89 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക് പതിപ്പ് 25.30 കിലോമീറ്ററും മാനുവല്‍ മോഡലിന് 24.76 കിലോമീറ്ററും മൈലേജാണ് മാരുതി ഉറപ്പുനല്‍കുന്നത്.
സ്റ്റാന്റേഡ്, Lxi,Vxi, Vxi+ എന്നീ നാല് വേരിയന്റുകളിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ട്വിന്‍ ചേമ്പര്‍ ഹെഡ്ലാമ്പ് നല്‍കിയതാണ് ലുക്കില്‍ വരുത്തിയിട്ടുള്ള മാറ്റമെങ്കില്‍ ഉയര്‍ന്ന വകഭേദത്തിന്റെ അകത്തളത്തില്‍ എയര്‍ പ്യൂരിഫയര്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന റിയര്‍വ്യൂ മിറര്‍, സ്റ്റിയറിങ്ങ് മൗഡ് ഓഡിയോ ആന്‍ഡ് വോയിസ് കണ്‍സോള്‍, സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ സിസ്റ്റം, റിയര്‍ പാര്‍ക്കിങ്ങ് സെന്‍സറുകള്‍ എന്നിവയാണ് നല്‍കിയിട്ടുള്ളത്.
11‑ല്‍ അധികം സുരക്ഷ ഫീച്ചറുകള്‍ നല്‍കിയാണ് പുതിയ എസ്-പ്രെസോയുടെ വരവ്. ഡ്യുവല്‍ എയര്‍ ബാഗ്, എ.ബി.എസ്. വിത്ത് ഇ.ബി.ഡി, പ്രീ ടെന്‍ഷനര്‍ ആന്‍ഡ് ഫോഴ്സ് ലിമിറ്റര്‍ ഫ്രണ്ട് സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ-സ്പീഡ് അലേര്‍ട്ട് സിസ്റ്റം, റിവേഴ്സ് പാര്‍ക്കിങ്ങ് സെല്‍സറുകള്‍ എന്നിവ എല്ലാ വേരിയന്റുകളിലും അടിസ്ഥാന ഫീച്ചറായി നല്‍കിയിട്ടുണ്ട്. ഇലക്ട്രിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് എന്നിവ ഓട്ടോമാറ്റിക് വകഭേദത്തില്‍ സുരക്ഷയൊരുക്കും.
മാരുതിയുടെ വാഗണ്‍ആര്‍, സെലേറിയോ തുടങ്ങിയ മോഡലുകള്‍ക്ക് അടിസ്ഥാനമൊരിക്കുന്ന ഹാര്‍ട്ട്ടെക്ട് പ്ലാറ്റ്ഫോമിലാണ് എസ്-പ്രെസോയും ഒരുങ്ങിയിട്ടുള്ളത്. ഏറ്റവും ഉയര്‍ന്ന ലെഗ് സ്പേസാണ് അകത്തളത്തില്‍ ഉറപ്പാക്കിയിട്ടുള്ളതെന്നാണ് മാരുതി അവകാശപ്പെടുന്നത്. ഇതിനുപുറമെ, ഉയര്‍ന്ന ബൂട്ട് സ്പേസും ഈ വാഹനം ഉറപ്പാക്കിയിട്ടുണ്ട്. 3565 എം.എം. നീളവും 1567 എം.എം. ഉയരവും 1520 എം.എം. വീതിയുമാണ് ഈ വാഹനത്തിനുള്ളത്.
English summary; New Maruti Suzuki S‑PRESSO
You may also like this video;