പട്ടയ വിതരണത്തിനായി സംസ്ഥാനത്ത് ഈ വർഷം പുതിയ മിഷൻ ആരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി സ്മാർട്ട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടയ വിതരണത്തിനായി പുതിയ മിഷൻ ആരംഭിക്കുന്നതോടെ എല്ലാവർക്കും ഭൂമി ലഭ്യമാക്കുക എന്നത് കൂടുതൽ വേഗത്തിൽ സാധ്യമാക്കും. മേയ് മാസം മുതൽ 140 മണ്ഡലങ്ങളിലും അതത് എം എൽ എ മാരുടെ അധ്യക്ഷതയിൽ പട്ടയവുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുന്നതിനായി പ്രത്യേക യോഗം ചേരും. ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ഇതിന്റെ നോഡൽ ഓഫീസറായും നിയമിക്കും. ഈ യോഗത്തിന്റെ അടിസ്ഥാനത്തിൽ പട്ടയ ഡാഷ്ബോർഡ് ഉണ്ടാക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിലാകും പട്ടയ വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ മുഴുവൻ പാവപ്പെട്ടവർക്കും ഭൂമി നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ ആധുനികമാകുന്നതോടെ ഇവിടെയെത്തുന്ന ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭിക്കും. ഫയലുകൾ ഇ ‑ഫയലുകളാക്കി മാറ്റുന്നതോടെ ജനങ്ങളുടെ പ്രശ്നത്തിന് വളരെ വേഗത്തിൽ പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഹരിത വി കുമാർ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു തുടങ്ങിയവർ പങ്കെടുത്തു.
English Sammury: New mission to be launched this year for pataya distribution: Minister K Rajan