ഉദ്ഘാടനത്തിനു പിന്നാലെ പുതിയ പാമ്പൻ പാലത്തിന് സാങ്കേതിക തകരാർ. പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തി തീരസംരക്ഷണ സേനയുടെ ചെറുകപ്പൽ അടിയിലൂടെ കടത്തിവിട്ടു. പിന്നീട് ലിഫ്റ്റ് സ്പാൻ താഴ്ത്താൻ കഴിഞ്ഞിരുന്നില്ല. വെർട്ടിക്കൽ ലിഫ്റ്റ് സ്പാനിന്റെ ഒരു ഭാഗത്തായിരുന്നു പ്രശ്നം. തുടർന്ന് അറ്റകുറ്റപ്പണിയിലൂടെ ഇതു പരിഹരിക്കുകയായിരുന്നു. കൂടുതൽ പരിശോധനകൾ പാലത്തിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമാണിത്. 535 കോടി രൂപ ചെലവിലാണ് 110 വർഷം പഴക്കമുള്ള പാലം പുനർനിർമിച്ചത്. 72.5 മീറ്റർ നീളമുള്ള ലിഫ്റ്റ് സ്പാൻ അഞ്ച് മിനിറ്റു കൊണ്ട് ഉയർത്താനാകും. സമുദ്രനിരപ്പിൽ നിന്ന് ആറുമീറ്റർ ഉയരമുള്ള പുതിയ പാലത്തിന് 2.08 കിലോമീറ്ററാണ് ദൈർഘ്യം. ഇന്ത്യൻ റെയിൽവേയുടെ എന്‍ജിനീയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് എന്‍ജിനീയറിങ് വിസ്മയമെന്ന ഖ്യാതിയോടെ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഉദ്ഘാടനചടങ്ങില്‍ തന്നെ പാലം തകരാറിലായത് റെയില്‍വേയ്ക്ക് വലിയ നാണക്കേടായി.
നേരത്തെ പുതിയ റെയിൽപ്പാലത്തിന്റെ നിർമ്മാണത്തിൽ പിഴവുകള്‍ ഉള്ളതായി സൗത്ത് സർക്കിൾ റെയിൽവേ സുരക്ഷാ കമ്മിഷണർ (സിആർഎസ്) റിപ്പോർട്ട് നല്‍കിയിരുന്നു. നിർമ്മാണത്തിന്റെ ആസൂത്രണ ഘട്ടം മുതൽ പലതരത്തിലുള്ള പാളിച്ചകൾ സംഭവിച്ചുവെന്ന് പരിശോധന നടത്തിയ സതേൺ സർക്കിൾ റെയിൽവേ സേഫ്റ്റി കമ്മിഷണർ എ എം ചൗധരി ദക്ഷിണ റെയിൽവേയ്ക്ക് അയച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
റെയിൽവേ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) നിലവാരമില്ലാത്ത കോഡുകൾ ഉപയോഗിച്ചാണ് ലിഫ്റ്റ് സ്പാൻ ഗർഡർ രൂപകല്പന ചെയ്തിരിക്കുന്നതെന്നതായിരുന്നു കണ്ടെത്തല്‍. നിലവാരമില്ലാത്ത ഡിസൈൻ, വെൽഡിങ് പിഴവുകൾ എന്നിവയിലും പോരായ്മകളുണ്ട്. ഇത് പാലത്തിന്റെ സമ്മർദം വഹിക്കാനുള്ള ശേഷി 36 ശതമാനം കുറയ്ക്കുമെന്നും സിആര്‍എസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ട്രാക്കിന്റെ അലൈൻമെന്റിലെ വ്യത്യാസമടക്കം പാലത്തിൽ നടത്തിയ സ്പീഡ് ട്രയലിൽ കുറഞ്ഞത് അര ഡസൻ പോരായ്മകളെങ്കിലും കണ്ടെത്തിയതായും സിആര്‍എസ് വ്യക്തമാക്കിയിരുന്നു.

