വടക്കുകിഴക്കൻ മേഖലയിൽ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപം കൊള്ളുന്നതായി റിപ്പോര്‍ട്ട്. ബിജെപിയുടെ ത്രിപുര സഖ്യകക്ഷിയായ ടിപ്ര മോത്ത, മേഘാലയയിലെ ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിയുമായി (എൻപിപി) കൈകോർത്തതായാണ് വിവരം.
പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം അടുത്തയാഴ്ച ഡല്‍ഹിയില്‍ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെയും ടിപ്ര മോത്ത നേതാവ് പ്രദ്യോത് ദേബ്ബർമാന്റെയും സാന്നിധ്യത്തിൽ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബറിൽ അസമിലെ നോർത്ത് കാച്ചർ ഹിൽസ് ഓട്ടോണമസ് കൗൺസിലിൽ പീപ്പിൾസ് പാർട്ടി ആരംഭിച്ച മുൻ കോൺഗ്രസ് നേതാവ് ഡാനിയേൽ ലാങ്താസയും പാർട്ടിയുടെ ഭാഗമാകമായേക്കുമെന്നും സൂചന.
നാഗാലാൻഡിൽ നാഗാ പീപ്പിൾസ് ഫ്രണ്ടും നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (എൻഡിപിപി) ലയിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പുനഃക്രമീകരണം. “വൺ നോർത്ത് ഈസ്റ്റ്” എന്നായിരിക്കാം പുതിയ പാര്‍ട്ടിയുടെ പേര് എന്നാണ് നിഗമനം. കാരണം സമീപ കാലത്തായി പ്രദ്യോത്, ലാങ്താസ ഉള്‍പ്പെടെ പല നേതാക്കളും തങ്ങളുടെ പ്രസ്താവനകളില്‍ വൺ നോർത്ത് ഈസ്റ്റ് എന്ന പ്രയോഗം ഉപയോഗിച്ചിരുന്നതായി പറയുന്നു.

