Site iconSite icon Janayugom Online

കൊച്ചി പുറങ്കടലിലെ തുറമുഖ പദ്ധതി വീണ്ടും പരിഗണനയില്‍

പുറങ്കടലിൽ പുതിയൊരു വൻകിട തുറമുഖമെന്ന (ഔട്ടർ ഹാർബർ) കൊച്ചി പോർട്ട് അതോറിറ്റിയുടെ നീക്കത്തിന് വീണ്ടും അനക്കം വെയ്ക്കുന്നു. കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്ന ‘മിഷൻ 2047’ മാസ്റ്റർ പ്ലാനിൽ ‘ഔട്ടർ ഹാർബർ’ പദ്ധതി അവതരിപ്പിക്കാനാണു പോർട്ട് അതോറിറ്റിയുടെ തീരുമാനം. വൻ സാമ്പത്തിക മുതൽമുടക്ക് ആവശ്യമായ ഔട്ടർ ഹാർബർ പദ്ധതി എട്ടു വർഷം മുൻപ് വിഭാവനം ചെയ്തതാണെങ്കിലും മുന്നോട്ടു പോയില്ല.

സ്വാതന്ത്ര്യലബ്ധിയുടെ 100 –ാം വർഷമായ 2047 ൽ ഇന്ത്യൻ തുറമുഖങ്ങളുടെ ചരക്കു കൈകാര്യ ശേഷി 1000 കോടി ടൺ ആയി ഉയർത്താൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ‘മിഷൻ 2047’ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.
ഔട്ടർ ഹാർബർ പദ്ധതിക്ക് 10000 – 15,000 കോടി രൂപ ചെലവു വരുമെന്നാണ് അനൗദ്യോഗിക വിലയിരുത്തൽ. പദ്ധതി സംബന്ധിച്ചു പ്രാഥമിക ആലോചനകളാണു നടക്കുന്നതെന്നു പോർട്ട് അതോറിറ്റി ചെയർപഴ്സൻ ഡോ. എം ബീന പറഞ്ഞു.

പുതിയ എസ്റ്റിമേറ്റ് തയാറാക്കുകയാണ് അടുത്ത ഘട്ടം. കൊച്ചി തുറമുഖം ഇനി ഉള്ളിലേക്കു വികസിപ്പിക്കുക സാധ്യമല്ല. പുറങ്കടലിൽ പുതിയ തുറമുഖം നിർമിക്കുകയാണ് പരിഹാരമെന്നും അവർ പറഞ്ഞു.
ഫോർട്ട് കൊച്ചി ഭാഗത്തും പുതുവൈപ്പിൻ ഭാഗത്തുമായി കടലിലേക്കു രണ്ടു കൂറ്റൻ പുലിമുട്ടുകൾ നിർമിച്ചു കടൽ നികത്തിയാണ് ഔട്ടർ ഹാർബർ നിർമിക്കാൻ 2014 ൽ വിഭാവനം ചെയ്തത്. 50, 000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതകളും പ്രതീക്ഷിച്ചിരുന്നു.

Eng­lish Sum­ma­ry: new port in kochi project
You may also like this video

kochi
Exit mobile version