വയനാട് സുൽത്താൻ ബത്തേരിയിൽ നടന്ന ദ്വിദിന കെപിസിസി എക്സിക്യൂട്ടീവില്‍ 77 സെക്രട്ടറിമാർക്കും പ്രവേശനം നിഷേധിച്ചതിനെച്ചൊല്ലി കോൺഗ്രസിൽ പുതിയ കലഹം. വെറും അലങ്കാരത്തിനു മാത്രമായി സെക്രട്ടറിമാർ എന്ന് പേര് ചൊല്ലി വിളിക്കുന്ന ഈ വിഭാഗത്തെ, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കോഴിക്കോട് നടന്ന നവസങ്കല്പ് ചിന്തൻ ശിബിരത്തിലും പ്രവേശിപ്പിച്ചിരുന്നില്ല.
മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റായിരുന്ന അവസരത്തിൽ, അനുചരന്മാരെ പരിഭവം മാറ്റി അടക്കി നിർത്താൻ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ താല്പര്യപ്രകാരമാണ് ആൾക്കൂട്ട സെക്രട്ടറിമാരെ നിയമിച്ചത്. മത‑സാമുദായിക നേതാക്കളുടെ ശുപാർശയിൽപ്പോലും ഈ പദവിയിലെത്തിയവരുണ്ട്. സ്ഥാനപ്പേരിനപ്പുറം ഈ ‘ഭാരവാഹി‘കൾക്ക് ഒരു പരിഗണനയും സംഘടനയുടെ ഒരു തലത്തിലും കിട്ടിയിരുന്നില്ല . കെപിസിസി ഓഫിസിൽ ഇരിപ്പിടം പോലുമില്ലാത്ത അവസ്ഥയിലായിരുന്നു സെക്രട്ടറിമാരെന്നാണ് അണികൾക്കിടയിലെ പരിഹാസം. അനാവശ്യ പദവി പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നതായും പാർട്ടിക്കുള്ളിൽ വർത്തമാനമുണ്ടായിരുന്നു.
കെ സുധാകരൻ അധ്യക്ഷസ്ഥാനത്തെത്തിയതോടെ അധികപ്പറ്റുകളായ 77 സെക്രട്ടറിമാരെയും ഒഴിവാക്കി. പകരം സെക്രട്ടറിമാരെ നിയമിച്ചതുമില്ല. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കുത്തിത്തിരിപ്പ് ഒഴിവാക്കാൻ 77 പേർക്കും പുനർ നിയമനം നൽകി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവരുടെ സ്ഥാനം വീണ്ടും പടിക്ക് പുറത്തായി എന്നാണ് വയനാട് ക്യാമ്പ് വ്യക്തമാക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പായി നിലവിലുള്ളവരെയെല്ലാം ഒഴിവാക്കി പുതിയൊരു ഭാരവാഹിക്കൂട്ടമാകാൻ മുൻ യൂത്ത് കോൺഗ്രസ് നേതാക്കളെ സെക്രട്ടറിമാരായി നിയമിക്കാനിടയുണ്ടെന്നാണ് വിവരം. അതോടെ, ഇപ്പോൾത്തന്നെ ഇടഞ്ഞു നിൽക്കുന്ന സെക്രട്ടറിക്കൂട്ടായ്മ പരസ്യ കലാപത്തിന് രംഗത്തിറങ്ങുകയും ചെയ്യും. അതോടെ, തദ്ദേശ തെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥികളുടെ എണ്ണവും കൂടും.
English Summary: New Rebellion in Congress; Secretaries outside the KPCC camp
You may also like this video