അറബിക്കടലിൽ പുതിയ ഇനം നീരാളി കൂന്തളിനെ കണ്ടെത്തി. അപൂർവമായ ടനിൻജിയ എന്ന ജെനുസ്സിൽപെട്ടതാണിത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ശാസ്ത്ര സംഘമാണ് കൊല്ലം പുറംകടലിൽ ഏകദേശം 390 മീറ്റർ ആഴത്തിൽ നിന്നും ഒക്ടോപോട്യൂത്തിഡേ കുടുംബത്തിൽപ്പെട്ട ഈ കൂന്തളിനെ കണ്ടെത്തിയത്. ടനിൻജിയ സൈലാസി’ എന്നാണ് പുതിയ കൂന്തളിന് പേര് നൽകിയിരിക്കുന്നത്.
സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഗീത ശശികുമാറും ടെക്നിക്കൽ ഓഫിസര്‍ ഡോ കെ കെ സജികുമാറും ചേർന്ന ഗവേഷണ സംഘമാണ് ഈ നേട്ടത്തിന് പിന്നിൽ. പുതിയ കൂന്തളിനെ ടനിൻജിയ സൈലാസി എന്ന് നാമകരണം ചെയ്തു. സിഎംഎഫ്ആർഐ മുൻ ഡയറക്ടറും കേരള കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞൻ ഡോ ഇ ജി സൈലാസിന് ആദരമായാണ് ഈ പേര് നൽകിയത്. ഇന്ത്യയിലെ കണവ ഗവേഷണ രംഗത്ത് മുൻനിരക്കാരനായിരുന്നു ഡോ സൈലാസ്.

