Site iconSite icon Janayugom Online

മൊബൈല്‍ ഫോണ്‍ കാന്‍സറിന് കാരണമല്ലെന്ന് പുതിയ പഠനം

മൊബൈല്‍ ഫോണിന്റെ ഉപയോഗം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന ധാരണ തെറ്റെന്ന് ലോകാരോഗ്യ സംഘടനയുടെ റിവ്യൂ റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണുകളുടെ ഉപയോഗം കുത്തനെ കൂടുമ്പോഴും ബ്രെയിന്‍, ഹെഡ് ആന്റ് നെക്ക് കാന്‍സര്‍ ബാധിതരുടെ നിരക്ക് വര്‍ധിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന നിയോഗിച്ച ഓസ്‌ട്രേലിയന്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ആന്റ് ന്യൂക്ലിയര്‍ സേഫ്റ്റി ഏജന്‍സിയുടെ നേതൃത്വത്തില്‍ നടന്ന റിവ്യൂ പരിശോധനയില്‍ കണ്ടെത്തി.
1994 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ നടത്തിയ 63 പഠനങ്ങള്‍ 10 രാജ്യങ്ങളില്‍ നിന്നുള്ള 11 അംഗസംഘം വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്നുവരെയുള്ള ഏറ്റവും സമഗ്രമായ അവലോകനമാണിത്. 

കേന്ദ്ര നാഡീവ്യൂഹത്തിന്റെ (മസ്തിഷ്‌കം, പിറ്റ്യൂട്ടറി ഗ്രന്ഥി, ചെവി എന്നിവയുള്‍പ്പെടെ), ഉമിനീര്‍ ഗ്രന്ഥിലുണ്ടാകുന്ന മുഴകള്‍, ബ്രെയിന്‍ ട്യൂമര്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് അവലോകനം നടത്തിയത്. അവലോകനത്തില്‍ ഒരു തരത്തിലുമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും കാന്‍സറും തമ്മില്‍ ബന്ധമില്ലെന്നാണ് വിലയിരുത്തല്‍. ലോകാരോഗ്യ സംഘടനയും മറ്റ് അന്താരാഷ്ട്ര ആരോഗ്യ സ്ഥാപനങ്ങളും മുമ്പ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന റേഡിയേഷനില്‍ നിന്നുള്ള ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്ക് കൃത്യമായ തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞിരുന്നു. 

മുന്‍കാലങ്ങളിലെ ചില പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ 2011ല്‍ മൊബൈല്‍ ഫോണുകള്‍ പോലെയുള്ളവയില്‍ നിന്നുള്ള റേഡിയോ ഫ്രീക്വന്‍സി വികിരണം ‘പോസിബിള്‍ കാര്‍സിനോജെനിക്’ (കാന്‍സറിന് സാധ്യത ഉണ്ടാക്കിയേക്കും) പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരുന്നത്.

Exit mobile version