Site icon Janayugom Online

കോവിഡിന് പിന്നാലെ മത്സ്യത്തില്‍ നിന്ന് പുതിയ അണുബാധ; ഏഴ് മരണം, അതി ജാഗ്രതയില്‍ ഹോങ്കോങ്ങ്

ചൈനയിലും റഷ്യയിലും കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹോങ്കോങ്ങില്‍ വെറ്റ് മാര്‍ക്കറ്റ് കേന്ദ്രീകരിച്ച്‌ അപകടകാരിയായ ബാക്ടീരിയ വ്യാപിക്കുന്നതായ് റിപ്പോര്‍ട്ട്. ഏഴു പേരാണ് ശുദ്ധജല മത്സ്യത്തിൽ നിന്നുള്ള ബാക്ടീരിയ ബാധയെ തുടർന്ന് മരണപ്പെട്ടത് .

ഇതോടെ രോഗത്തിന്റെ ഉറവിടമെന്ന് സംശയിക്കുന്ന സുവെന്‍ വാന്‍, യൂന്‍ ലോംഗ് മേഖലകളിലെ വെറ്റ് മാര്‍ക്കറ്റുകളിലും പരിസരത്തും അതീവ ജാഗ്രതാ നിര്‍ദ്ദേശം ഏര്‍പ്പെടുത്തി. മാത്രമല്ല ‚കുറച്ച് ദിവസത്തേക്ക് സംസ്കരിക്കാത്ത ശുദ്ധജല, കടല്‍ വിഭവങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ, വെറ്റ് മാര്‍ക്കറ്റില്‍ മത്സ്യത്തെ തൊടരുതെന്ന് വ്യാപാരികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി കണ്ടെത്തിയ 88 കേസുകള്‍ ഗ്രൂപ്പ് ബി സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ ബാധയാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ബാക്ടീരിയ ബാധയേറ്റവരില്‍ ഏഴ് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, മരിച്ചവരില്‍ മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നതായും ബാക്ടീരിയയുമായി ഈ മരണങ്ങളെ നേരിട്ട് ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ ഇതുവരെ ലഭ്യമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ മാത്രം 26 കേസുകളാണ് കണ്ടെത്തിയത്.അതേ സമയം, ഗ്രാസ് കാര്‍പ്, ബിഗ്ഹെഡ് കാര്‍പ്, സ്നേക്ക്‌ഹെഡ് ഫിഷ് എന്നീ ശുദ്ധജല മത്സ്യങ്ങളാകാം ബാക്ടീരിയകളുടെ ഉറവിടമെന്ന് വിദഗ്ദ്ധര്‍ കരുതുന്നു.

ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. രോഗികളുടെ എണ്ണം ഉയരുമെന്നാണ് വിവരം. രോഗബാധിതരില്‍ ശ്വാസകോശം, രക്തം, എല്ല് എന്നിവയിലും തലച്ചോറും നട്ടെല്ലുമായും ബന്ധപ്പെട്ട സംരക്ഷണ സ്തരങ്ങളിലും അണുബാധ കണ്ടെത്തിയെന്നാണ് അറിയുന്നത്.ഗ്രൂപ്പ് ബി സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ ആരോഗ്യമുള്ള മനുഷ്യരെ കാര്യമായി ബാധിക്കില്ലെങ്കിലും ചില അണുബാധകള്‍ ഗുരുതരമാകാം. പ്രായമായവരെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരെയുമാണ് ഇത് പ്രതികൂലമായി ബാധിക്കാനിടയുത്. ന്യുമോണിയ, രക്തത്തിലെയും ത്വക്കിലെയും അണുബാധകളും മറ്റും ബാക്ടീരിയ ബാധയുടെ ലക്ഷണങ്ങളാണ്.
eng­lish sum­ma­ry; new virus in Hong Kong
you may also like this video;

Exit mobile version