Site iconSite icon Janayugom Online

കശ്മീരില്‍ പുതിയ വോട്ടര്‍മാര്‍ : പ്രതിരോധം തീര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍

ജമ്മു കശ്മീരിൽ പ്രദേശവാസികളല്ലാത്തവര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള നീക്കത്തിനെതിരെ വന്‍ പ്രതിരോധം തീര്‍ത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനുള്ള ബിജെപിയുടെ പുതിയ തന്ത്രത്തിനെതിരെയാണ് കശ്മീരിലെ രാഷ്ട്രീയപാര്‍ട്ടികള്‍ യോജിച്ച പോരാട്ടവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ വിഷയത്തില്‍ പരസ്പരവിരുദ്ധമായ പ്രതികരണങ്ങളാണ് നടത്തിവരുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഡോ. ഫാറുഖ് അബ്ദുള്ള ചൂണ്ടിക്കാട്ടി. കശ്മീരിന് പുറത്തുനിന്നുള്ള 25 ലക്ഷം പേരെ വോട്ടര്‍മാരാക്കുമെന്നാണ് ആദ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നത്. വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒന്നരലക്ഷം പുതിയ വോട്ടര്‍മാര്‍ ഉണ്ടാകുമെന്നാണ് രണ്ടാമത് വിശദീകരണം നല്‍കിയത്.

കശ്മീരിന്റെ ഭരണവുമായി ബന്ധപ്പെട്ട് 2019 ല്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലികും കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോഡിയും നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെന്നും ഫാറുഖ് അബ്ദുള്ള പറഞ്ഞു. അബ്ദുള്ളയുടെ വസതിയില്‍ നടന്ന യോഗത്തില്‍ പിഡിപി നേതാവ് മെഹബൂബ മുഫ്തിക്ക് പുറമെ കോണ്‍ഗ്രസ്, സിപിഐ, സിപിഐ(എം), ശിവസേന, എഎന്‍സി, അകാലി ദള്‍, ജനതാദള്‍ യുണൈറ്റഡ് നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് കമ്മിഷനെ കരുവാക്കി കശ്മീരില്‍ അധികാരം പിടിക്കാനാണ് ബിജെപിയുടെ ശ്രമം. അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ. 2019ൽ ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിനാല്‍ കശ്മീരികളല്ലാത്ത താമസക്കാര്‍ക്കും വോട്ടർമാരായി രജിസ്റ്റർ ചെയ്യാന്‍ അനുമതി നല്‍കുമെന്നായിരുന്നു ജമ്മു കശ്മീർ ചീഫ് ഇലക്ടറൽ ഓഫീസർ ഹിർദേഷ് കുമാർ നേരത്തെ അറിയിച്ചിരുന്നത്.

ഇതോടെ നിലവിലുള്ള 76 ലക്ഷം വോട്ടർമാരുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് വർധിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കശ്മീർ സ്വദേശിയാണെന്നുള്ള സ്ഥിരതാമസ സർട്ടിഫിക്കറ്റ് ആവശ്യമില്ലാതെ വരും. ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, തൊഴിലാളികൾ തുടങ്ങി ജമ്മു കശ്മീരിൽ സാധാരണ ജീവിതം നയിക്കുന്ന ആർക്കും പേര് ചേർക്കാനും വോട്ട് ചെയ്യാനും കഴിയും. എന്നാൽ ജമ്മുവിലും മറ്റ് പ്രദേശങ്ങളിലും കുടിയേറിയ റോഹിങ്ക്യൻ മുസ്‍ലിങ്ങൾക്ക് വോട്ടർ പട്ടികയിൽ പേര് ചേര്‍ക്കാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ത്താനാണ് കശ്മീരിലെ രാഷ്ട്രീയപാര്‍ട്ടികളുടെ തീരുമാനം.

Eng­lish Sum­ma­ry: New vot­ers in Kashmir
You may also like this video

Exit mobile version