Site iconSite icon Janayugom Online

പുതുവത്സരം; സംസ്ഥാനത്ത് നാളെ ബാറുകൾ രാത്രി 12 വരെ പ്രവർത്തിക്കും, സമയം നീട്ടി സർക്കാർ ഉത്തരവ്

പുതുവത്സരാഘോഷങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ നീട്ടി. നാളെ (ഡിസംബർ 31) രാത്രി 12 മണി വരെ ബാറുകൾക്ക് തുറന്നു പ്രവർത്തിക്കാം. നിലവിൽ രാത്രി 11 മണി വരെയാണ് പ്രവർത്തനാനുമതിയുള്ളത്. പുതുവത്സരത്തോടനുബന്ധിച്ച് സമയം നീട്ടി നൽകണമെന്ന ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ നടപടി.

ടൂറിസം മേഖലയിലെ തിരക്കും വിവിധ ഹോട്ടലുകളിൽ സംഘടിപ്പിച്ചിട്ടുള്ള ആഘോഷ പരിപാടികളും മുൻനിർത്തിയാണ് സമയം ക്രമീകരിച്ചത്. എന്നാൽ, പ്രവർത്തന സമയം നീട്ടുന്നതിനൊപ്പം കർശന നിയന്ത്രണങ്ങളും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങൾക്കിടെ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ബാർ ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണം. എന്തെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ ബന്ധപ്പെട്ട ബാറുകൾ ഉടൻ പൂട്ടിക്കുമെന്നും സർക്കാർ ഉത്തരവിൽ മുന്നറിയിപ്പ് നൽകുന്നു.

Exit mobile version