Site iconSite icon Janayugom Online

ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ്: മംദാനിക്ക് പിന്തുണ അറിയിച്ച് ഒബാമ

സിറ്റി മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മംദാനിക്ക് പിന്തുണ അറിയിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. 30 മിനിറ്റ് നീണ്ടു നിന്ന ഫോണ്‍ സംഭാഷണത്തില്‍ മംദാനിയുടെ പ്രചാരണത്തെയും അദ്ദേഹം പ്രശംസിച്ചു. ഇരുവരും ഫോണ്‍ സംഭാഷണം നടത്തിയതായി ന്യൂയോര്‍ക്ക് ടെെംസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് മംദാനിയുടെ വക്താവ് ഇത് സ്ഥിരീകരിച്ചു. എക്സിറ്റ് പോളുകളില്‍ പ്രധാന എതിരാളിയായ മുൻ ന്യൂയോർക്ക് സംസ്ഥാന ഗവർണർ ആൻഡ്രൂ ക്യൂമോയേക്കാൾ ഏറെ മുന്നിലുള്ള മംദാനിക്ക് ഒബായുടെ പിന്തുണ കൂടുതല്‍ ഗുണം ചെയ്യുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ജൂൺ 24 ന് നടന്ന മേയർ പ്രൈമറിയിൽ മംദാനി നേടിയ വിജയം രാഷ്ട്രീയ നിരീക്ഷകരെ പോലും ഞെട്ടിക്കുന്നതായിരുന്നു. അതിനുശേഷം, മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ തുടങ്ങിയ പാർട്ടി അനുയായികളിൽ നിന്ന് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ ലഭിച്ചു. പാര്‍ട്ടി വോട്ടര്‍മാരില്‍ നിന്ന് ശക്തമായ സാമ്പത്തിക പിന്തുണയും മംദാനിയെ തേടിയെത്തി. ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും ധനികരുടെ നികുതി വര്‍ധിപ്പിക്കുക, അപ്പാർട്ട്മെന്റ് വാടക നിരക്കുകൾ കുറയ്ക്കുക, പൊതു സബ്‌സിഡിയുള്ള ഭവനങ്ങൾ വർധിപ്പിക്കുക എന്നിവ മംദാനിയുടെ നയങ്ങളിൽ ഉൾപ്പെടുന്നു.

Exit mobile version