Site iconSite icon Janayugom Online

സര്‍വം കിവി മയം; യുഎഇയ്ക്കെതിരെ 10 വിക്കറ്റ് ജയം

ടി20 ലോകകപ്പിൽ യുഎഇക്കെതിരെ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ ആധികാരിക വിജയം. എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുഎഇ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 15.2 ഓവറിൽ ന്യൂസിലാൻഡ് മറികടന്നു. ടി20 ലോകകപ്പിലെ ഏറ്റവും വലിയ കൂട്ടു­ക്കെട്ടാണിത്. ഓപ്പണർമാരായ ടിം സീഫെർട്ടും ഫിൻ അലനും തകർത്തടിച്ചതോടെ യുഎഇ ബൗളിങ് നിര നിഷ്പ്രഭമായി. പുറത്താകാതെ 42 പന്തിൽ 12 ഫോറുകളും 3 സിക്സറുകളുമുള്‍പ്പെടെ 89 റൺസാണ് സീഫെർട്ട് അടിച്ചെടുത്തത്. ഫിൻ അലൻ 50 പന്തിൽ നിന്ന് പുറത്താകാതെ 84 റൺസ് നേടി. അഞ്ച് ഫോറും അഞ്ച് സിക്സും താരം അടിച്ചുകൂട്ടി. യുഎഇ മികച്ച സ്കോർ ഉയർത്തിയെങ്കിലും ചെന്നൈയിലെ പിച്ചിൽ ന്യൂസിലാൻഡ് ഓപ്പണർമാർ ബാറ്റിങ് പരിശീലനം പോലെയാണ് മത്സരം കൈകാര്യം ചെയ്തത്. 

28 പന്തുകൾ ബാക്കി നിൽക്കെ തന്നെ ലക്ഷ്യം കണ്ട കിവികൾ റൺറേറ്റിലും വലിയ നേട്ടമുണ്ടാക്കി. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ജയത്തിന് പിന്നാലെ രണ്ടാം വിജയത്തോടെ ന്യൂസിലാൻഡ് ടൂർണമെന്റിൽ തങ്ങളുടെ മുന്നേറ്റം ശക്തമാക്കി. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ യുഎഇ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെന്ന ഭേദപ്പെട്ട സ്കോർ നേടിയിരുന്നു. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ മുഹമ്മദ് വസീമും (66*) മലയാളി താരം അലിഷാൻ ഷറഫുവും (55) ചേർന്ന് 107 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. അവസാന ഓവറുകളിൽ മായങ്ക് കുമാർ (21) വേഗത്തിൽ റൺസ് കണ്ടെത്തി സ്കോർ 170 കടത്തി. ന്യൂസിലാൻഡിനായി മാറ്റ് ഹെന്റി രണ്ട് വിക്കറ്റും ലോക്കി ഫെർഗൂസൻ, മിച്ചൽ സാന്റ്നർ, ജേക്കബ് ഡഫി, ഗ്ലെൻ ഫിലിപ്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version