Site iconSite icon Janayugom Online

പരമ്പര തൂത്തുവാരി ന്യൂസിലാന്‍ഡ്

അവസാന ഏകദിനത്തിലും വിജയിച്ച് പാകിസ്ഥാനെതിരായ പരമ്പര തൂത്തൂവാരി ന്യൂസിലാന്‍ഡ്. മൂന്നാം ഏകദിനത്തില്‍ 43 റണ്‍സിന്റെ വിജയമാണ് കിവീസ് സ്വന്തമാക്കിയത്. 42 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 40 ഓവറില്‍ 221 റണ്‍സിന് പാകിസ്ഥാന്‍ ഓള്‍ഔട്ടായി. നേരത്തെ തന്നെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ന്യൂസിലാന്‍ഡ് പരമ്പര ഉറപ്പിച്ചിരുന്നു. അവസാന മത്സരത്തിലും വിജയിച്ചതോടെ 3–0ന് പരമ്പര നേടുകയായിരുന്നു.

58 പന്തില്‍ 50 റണ്‍സെടുത്ത ബാബര്‍ അസമാണ് പാക് നിരയിലെ ടോപ് സ്കോറര്‍. മുഹമ്മദ് റിസ്‍വാൻ (32 പന്തിൽ 37), തയ്യബ് താഹിർ (31 പന്തിൽ 33), അബ്ദുല്ല ഷഫീഖ് (56 പന്തിൽ 33) എന്നിവരാണ് പാകിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാര്‍. മധ്യനിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടും വിക്കറ്റുകള്‍ നഷ്ടമായതോടെ ആശ്വസ ജയം തേടിയിറങ്ങിയ പാകിസ്ഥാന് നിരാശയോടെ മടങ്ങേണ്ടി വന്നു. ന്യൂസിലാന്‍ഡിനായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബെൻ സീയേഴ്സ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ജേക്കബ് ഡഫി രണ്ട് വിക്കറ്റും മൈക്കല്‍ ബ്രേസ്‌വെല്‍, മുഹമ്മദ് അബ്ബാസ്, ഡാരില്‍ മിച്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിനായി ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്‌വെല്ലിന്റെയും (40 പന്തില്‍ 59), റിസ് മരിയുവി (61 പന്തിൽ 58) ന്റെയും അര്‍ധസെഞ്ചുറികളാണ് കരുത്തായത്. ഹെൻ‍റി നിക്കോളാസ് 31, ഡാരൽ മിച്ചൽ 43, ടിം സെയ്ഫേർട്ട് 26 എന്നിവരും മികച്ച സംഭാവന നല്‍കി. പാകിസ്ഥാനുവേണ്ടി അഖിഫ് ജാവേജ് നാല് വിക്കറ്റുകള്‍ നേടി.

Exit mobile version