Site icon Janayugom Online

നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം: കു‍ഞ്ഞിന്റെ ചെവിയില്‍ പേര് വിളിച്ച് രക്ഷകനായ എസ് ഐ

SI

മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തില്‍ കു‍ഞ്ഞിന് അജയ എന്ന് പേര് നല്‍കി. കുഞ്ഞിനെ വീണ്ടെടുത്ത് നൽകിയ എസ്ഐ റെനീഷ് നിർദ്ദേശിച്ച പേരാണിത്. കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നീതുവിനെ ഏറ്റുമാനൂർ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ കോട്ടയത്തെ വനിതാ ജയിലിലാണ് ഉള്ളത്. ഇന്ന് ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. മെഡിക്കൽ കോളജിന് സമീപത്തെ കടയിൽ നിന്നാണ് ഡോക്ടറുടെ കോട്ട് വാങ്ങിയത്. ഈ കടയിലും ഹോട്ടലിലും എത്തിച്ചും തെളിവെടുക്കും.

സുരക്ഷാ വീഴ്ചയെ കുറിച്ച്‌ മെഡിക്കല്‍ കോളജില്‍ ആഭ്യന്തര അന്വേഷണവും തുടരുകയാണ്. ആര്‍എംഒ തല സമിതിയും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പളിന്റെ നേതൃത്വത്തിലുള്ള സമിതിയുമാണ് ഇക്കാര്യം അന്വേഷിക്കുന്നത്

വ്യാഴാഴ്ച ഉച്ചയോടെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ ആരോഗ്യപ്രവര്‍ത്തകയുടെ വസ്ത്രം ധരിച്ചെത്തി നീതു തട്ടിയെടുത്തത്. ഇടുക്കി സ്വദേശികളുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് നീതു മോഷ്ടിച്ചത്. പോലിസിന്റെ സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ കണ്ടെത്തി. കാമുകനായ ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാനാണ് എംബിഎ ബിരുദധാരിയായ നീതു ഈ കടുംകൈ ചെയ്തത്. ഇബ്രാഹിമിന്റെ കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ബന്ധം തുടരാനായിരുന്നു നീക്കം. കുട്ടിയെ തട്ടിയെടുത്ത് ഹോട്ടലിലെത്തിയ നീതു കുട്ടിക്കൊപ്പമുള്ള ഫോട്ടോ കാമുകന് അയയ്ക്കുകയും ചെയ്തു. കൂടാതെ വീഡിയോ കോളിലും സംസാരിച്ചു.

ടിക് ടോക്കില്‍ പരിചയപ്പെട്ട കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമുമായി രണ്ട് വര്‍ഷമായി നീതു ബന്ധത്തിലായിരുന്നു. വിവാഹ മോചിതയാണെന്നാണ് നീതു കാമുകനെ അറിയിച്ചിരുന്നത്. ഇബ്രാഹിമിന്റെ വീട്ടുകാരുമായും നീതു പരിചയത്തില്‍ ആയിരുന്നു. ഇബ്രാഹിമും വീട്ടുകാരും നിരന്തരം പ്രസവകാര്യം തിരക്കിയപ്പോള്‍ കുട്ടിയെ തട്ടി എടുക്കാമെന്ന തന്ത്രമൊരുക്കി. ഡോക്ടറുടെ വസ്ത്രങ്ങളും സ്‌റ്റെതസ്‌കോപ്പും ധരിച്ചായിരുന്നു പ്രസവ വാര്‍ഡിലെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

Eng­lish Sum­ma­ry: New­born baby abduc­tion case: SI Ren­ish calls baby Ajay
You may like this video also

Exit mobile version