Site iconSite icon Janayugom Online

നവജാത ശിശുവിന്റെ മുഖം ജന്തുക്കള്‍ കടിച്ചുപറിച്ചതായി ബന്ധുക്കള്‍: ആശുപത്രി അധികൃതര്‍ക്കെതിരെ കേസ്

ജനിച്ച് മണിക്കറുകള്‍ കഴിയുംമുമ്പ് ആശുപത്രിയില്‍വച്ചുതന്നെ മരിച്ച കുഞ്ഞിന്റെ മുഖം ജന്തുക്കള്‍ കടിച്ചുപറിച്ചതായി ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ജനിച്ച് അധികം താമസിയാതെ മരിച്ച നവജാതശിശുവിന്റെ മുഖത്തിന്റെ പകുതി ഭാഗം ഏതോ അജ്ഞാത മൃഗം ഭക്ഷിച്ചതായി ബന്ധുക്കൾ ആരോപിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണ സമിതി രൂപീകരിക്കുകയും പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
ധനെപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമപഞ്ചായത്ത് ബച്ചായിപൂർ നിവാസിയായ സിറാജ് അഹമ്മദിന്റെ ഭാര്യ സൈറ ബാനോയെ പ്രസവവേദനയെ തുടർന്ന് ശനിയാഴ്ച രാത്രി 10 മണിയോടെയാണ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായ മുജെഹ്‌നയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച പുലർച്ചെ 3 മണിയോടെ യുവതി ഒരു ആൺകുട്ടിക്ക് ജന്മം നൽകി. 

ശ്വസിക്കാന്‍ ബുദ്ധമുട്ടുണ്ടായിരുന്നതിനാല്‍ നവജാതശിശുവിനെ ഓക്‌സിജൻ സപ്പോർട്ടിൽ കിടത്തണമെന്നും കുടുംബാംഗങ്ങളോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെന്നും പറഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാർ നവജാതശിശുവിനെ മറ്റൊരു വാർഡിലേക്ക് മാറ്റി. എന്നാല്‍ അടുത്ത ദിവസം രാവിലെ നവജാത ശിശു മരിച്ചതായി ആശുപത്രി ജീവനക്കാർ വീട്ടുകാരെ അറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയുടെ മൃതദേഹം കണ്ടപ്പോൾ അവന്റെ മുഖത്തിന്റെ ഒരു ഭാഗം ജന്തുക്കള്‍ കടിച്ചുപറിച്ചതുപോലെ തോന്നിയെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയിൽ പറയുന്നു.രാത്രി ഡ്യൂട്ടിയിലുള്ള ആശുപത്രി ജീവനക്കാരുടെ അനാസ്ഥ ആരോപിച്ച് യുവതിയുടെ സഹോദരൻ ഹാറൂൺ നടപടി ആവശ്യപ്പെട്ടതായി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) സഞ്ജയ് ഗുപ്ത പറഞ്ഞു. വിഷയത്തിൽ നിയമനടപടി സ്വീകരിച്ചുവരികയാണ്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് ഉജ്ജ്വല് കുമാർ രണ്ടംഗ സമിതിക്ക് രൂപം നൽകി. ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) ഡോ. രശ്മി വർമ്മയും തൻറെ തലത്തിൽ രണ്ടംഗ അന്വേഷണ സംഘത്തെ രൂപീകരിക്കുകയും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവം വളരെ ഗൗരവമുള്ള സംഭവമാണെന്നും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. സംഭവത്തിൽ പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചു.
“യോഗി ഭരണത്തിന് കീഴിലുള്ള സർക്കാർ ആശുപത്രികളുടെ ലജ്ജാകരവും ഭയാനകവുമായ അവസ്ഥയാണിതെന്നും പ്രതിപക്ഷം ട്വിറ്ററില്‍ കുറിച്ചു. 

Eng­lish Sum­ma­ry: new­born baby’s face bit­ten by ani­mals: Case against hos­pi­tal authorities

You may like this video also

Exit mobile version