Site iconSite icon Janayugom Online

ഇൻഡോറിലെ സർക്കാർ ആശുപത്രിയിൽ നവജാതശിശുക്കളെ എലി കടിച്ചു; അന്വേഷണത്തിന് ഉത്തരവ്

മധ്യപ്രദേശിലെ ഇൻഡോറിലെ സര്‍ക്കാര്‍ ആശുപത്രിയിൽ രണ്ട് നവജാതശിശുക്കളെ എലി കടിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. സംസ്ഥാനത്തെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിൽ ഒന്നായ മഹാരാജ യശ്വന്ത്റാവു ചികിത്സാലയയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് സംഭവം. “കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഒരു കുഞ്ഞിന്‍റെ വിരലുകൾ എലികൾ കടിച്ചു, മറ്റൊരു കുഞ്ഞിന് തലയിലും തോളിലും കടിയേറ്റു,” ആശുപത്രി സൂപ്രണ്ട് ഡോ. അശോക് യാദവ് പറഞ്ഞു. അതിനിടെ ഖാർഗോൺ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞുങ്ങളിൽ ഒന്നിനെ വൈദ്യസഹായത്തിനായി എം‌വൈ‌എച്ച് യിലേക്ക് അയച്ചു. സംഭവങ്ങൾ അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിന്, എം‌വൈ‌എച്ച് ജീവനക്കാർക്ക് 24 മണിക്കൂർ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രി ജനാലകളിൽ ശക്തമായ ഇരുമ്പ് വലകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്. കൂടാതെ ഭക്ഷണാവശിഷ്ടങ്ങൾ എലികളെ ആകർഷിക്കുന്നുണ്ടെന്നും പുറത്തുനിന്നുള്ള ഭക്ഷണം വാർഡുകളിലേക്ക് കൊണ്ടുവരരുതെന്ന് അറ്റൻഡന്‍റുമാര്‍ക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

Exit mobile version