കരബാവോ കപ്പില്‍ (ഇഎഫ്എൽ കപ്പ്) ലിവര്‍പൂളിനെ അട്ടിമറിച്ച് ന്യൂകാസില്‍ യുണൈറ്റഡിന് കിരീടം. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ന്യൂകാസിലിന്റെ വിജയം. 56 വർഷത്തെ കിരീടവരൾച്ചയ്ക്ക് കൂടിയാണ് ന്യൂകാസിൽ വെംബ്ലിയിൽ അറുതി വരുത്തിയത്. 1969നു ശേഷം ന്യൂകാസിൽ നേടുന്ന പ്രധാനപ്പെട്ടൊരു കിരീടമാണിത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. ഡാൻ ബേൺ (45–ാം മിനിറ്റ്), അലക്സാണ്ടർ ഇസാക് (52) എന്നിവരാണ് ന്യൂകാസിലിനായി ലക്ഷ്യം കണ്ടത്. തോൽവിയുറപ്പിച്ച ഘട്ടത്തിൽ, മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ പകരക്കാരൻ ഫെഡെറിക്കോ ചിയേസയാണ് (90+4) ലിവർപൂളിന്റെ ആശ്വാസഗോൾ നേടിയത്.
ആദ്യാവസാനം ആവേശംനിറഞ്ഞ മത്സരത്തിൽ ലിവർപൂൾ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ചും ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റിയുമാണ് ന്യൂകാസിൽ കിരീടം സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയോട് തോറ്റ് പുറത്തായ ശേഷം മറ്റൊരു തോൽവിയാണ് ചെമ്പട നേരിട്ടത്. സെമിഫൈനലില്‍ ശക്തരായ ആഴ്സണലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ന്യൂകാസില്‍ കലാശപ്പോരിനെത്തിയത്.