1. കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ 10, 11, 12 ക്ലാസ്സുകള്‍ വീണ്ടും ഓഫ്ലൈനായി നടത്തും. സ്കൂള്‍തല മാര്‍ഗരേഖ പ്രകാരം നിലവിലുള്ള രീതിയില്‍ ബാച്ച് തിരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ക്ലാസ്സുകള്‍ നടത്തുക . 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ അടുത്ത ഒരാഴ്ച കൂടി ഓണ്‍ലൈനായി തന്നെ തുടരുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
2. കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. കേരളത്തില്‍, കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാന്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകള്‍ മാത്രമേ ഇന്ന് അനുവദിക്കൂ. തുടര്‍ച്ചയായി മൂന്നാം തവണയാണ് വാരാന്ത്യ ലോക്കഡോണ്‍ ഏര്‍പ്പെടുത്തുന്നത് . അതിനിടെ, കേരളം ഉയര്‍ന്ന കൊവിഡ് രോഗമുക്തി നിരക്കും പ്രതിദിന കേസുകളുടെ കുറവും റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുന്നു.
3. ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി സംവദിക്കുന്നതിന് ആരോഗ്യ വകുപ്പ് അവസരമൊരുക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഫെബ്രുവരി ഏഴാം തീയതി വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെയാണ് ഇതിനുള്ള അവസരം. ഗൃഹ പരിചരണത്തിലും അപായ സൂചനകളിലും അവബോധം സൃഷ്ടിക്കാനാണ് കോവിഡ് രോഗികള്‍ക്ക് നേരിട്ട് സംവദിക്കാനുള്ള അവസരമൊരുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
4. പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ സംസാരിച്ചു. വാവ സുരേഷിന്റെ ആരോഗ്യനിലയെപ്പറ്റി മന്ത്രി ചോദിച്ചറിഞ്ഞു. നാളെ ഡിസ്ചാര്‍ജ് ചെയ്യാനാണ് സാധ്യത. മികച്ച പരിചരണമൊരുക്കിയതിന് മന്ത്രിയോട് വാവ സുരേഷ് നന്ദി പറഞ്ഞു.
അതിനിടെ മന്ത്രിയെ കാണണമെന്ന് വാവാ സുരേഷ് പറഞ്ഞതോടെ മന്ത്രി വി വാസവനും ആശുപത്രിയിലെത്തി.
5. ഇതിഹാസ ഗായിക ലത മങ്കേഷ്ക്കര്‍ അന്തരിച്ചു. 92 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മുംബെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ജനുവരി എട്ടിനാണു ലതാ മങ്കേഷ്കറെ ബ്രീച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലതാ മങ്കേഷ്കറുടെ വിയോഗത്തില്‍ രാഷ്ട്രീയ‑സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
6. അന്തരിച്ച പ്രശസ്ത പിന്നണി ഗായിക ലത മങ്കേഷ്ക്കറുടെ സംസ്കാരം ഞായറാഴ്ച വൈകിട്ട് നടക്കും. പൂര്‍ണഔദ്യോഗിക ബഹുമതികളോടെ ശിവാജി പാര്‍ക്കില്‍ വൈകിട്ട് 6.30 ന് ആണ് സംസ്കാരം. ലത മങ്കേഷ്ക്കറുടെ വിയോഗത്തില്‍ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസം പകുതി താഴ്ത്തിക്കെട്ടും.
7. ജമ്മുകശ്മീര്‍ അതിർത്തിയിൽ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ പാകിസ്ഥാന് സ്വദേശികളെ ഇന്ത്യന്‍ സൈന്യം വെടിവച്ചുകൊന്നു. മൂന്ന് പാക്കിസ്ഥാൻ മയക്കുമരുന്ന് കടത്തുകാരെയാണ് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) വെടിവച്ചു കൊന്നത്. ഞായറാഴ്ച പുലർച്ചെ 2.30ഓടെ സാംബ സെക്ടറിലായിരുന്നു സംഭവം. ഇവിടെ നിന്ന് 36 പാക്കറ്റ് ഹെറോയിൻ പിടിച്ചെടുത്തു.
8. ഉത്തർപ്രദേശിൽ സ്കൂളുകളും കോളജുകളും തിങ്കളാഴ്ച മുതൽ തുറക്കും. പലഘട്ടങ്ങളായാണ് സ്കൂളുകള്‍ തുറക്കുക. 9–12 വരെയുള്ള ക്ലാസു കള്‍ ഈ മാസം ഏഴിന് തുറക്കും. നഴ്സറി മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ ഓൺലൈനായി തുടരും. സാമൂഹിക അകലം പാലിക്കൽ, മാസ്ക് തുടങ്ങിയ എല്ലാ കോവിഡ് നിബന്ധനകളും പാലിച്ചാവും സ്കൂൾ തുറക്കുക.
9. ഓസ്ട്രിയയിലെ ടൈറോളില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് അഞ്ചുപേർ മരിച്ചു. ഒരു സ്ത്രീയ്ക്ക് പരിക്കേറ്റു. സ്വിറ്റ്സർലൻഡുമായുള്ള അതിർത്തിയിലാണ് അപകടമുണ്ടായത്. ഈയാഴ്ച മേഖലയിൽ പലതവണ മഞ്ഞുവീഴ്ച ഉണ്ടായതിനെത്തുടർന്ന് രക്ഷാപ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു.
10. ഐസിസി അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ. കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കൗമാരക്കൂട്ടം കിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയുടെ അഞ്ചാം കിരീടനേട്ടമാണിത്.