Site iconSite icon Janayugom Online

സ്വേച്ഛാധിപത്യ വ്യവസ്ഥിതിയുടെ വന്യ മാതൃക

ഇരുട്ടാണ് ചുറ്റിലും. ശ്വാസംപോലും തടസപ്പെടുന്ന അന്തരീക്ഷവും. 2014 മുതൽ നശീകരണത്തിന്റെ നാളുകളാണ്. പ്രത്യാശയുടെ പ്രകാശകിരണങ്ങള്‍ എങ്ങുമില്ല. ഭരണഘടനാ സ്തൂപങ്ങള്‍ ഉടയുകയാണ്. ഒരു കൂട്ടം മാധ്യമങ്ങള്‍ സംഭവിക്കുന്നകാര്യങ്ങള്‍ വിളിച്ചുപറയുന്നുണ്ട്. മണിപ്പൂരില്‍ തുടരുന്ന ദുരന്തങ്ങള്‍ അവര്‍ തുറന്നുകാട്ടിയപ്പോള്‍, സത്യം ലോകത്തെ നടുക്കി. ഭരണകൂട പൊയ്‌മുഖങ്ങള്‍ അഴിഞ്ഞു. എന്നാല്‍ മാധ്യമങ്ങൾ ഭരണകൂട പ്രകീര്‍ത്തനങ്ങളില്‍ ഒതുങ്ങണമെന്ന് കേന്ദ്ര ഭരണാധികാരികള്‍ ആഗ്രഹിക്കുന്നു. അതിനുതകുന്ന രീതിയില്‍ മാധ്യമങ്ങളെ മെരുക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു ഭരണകൂടം. പല പേരുകളില്‍ അതിനുള്ള വഴികള്‍ തേടുന്നു. 2014 മുതല്‍ ഇത് വളരെ പ്രകടവുമാണ്. മുഖ്യധാരാ മാധ്യമരംഗം കയ്യടക്കി രാജ്യത്തിന്റെ സമസ്ത മേഖലയിലും വിഭാഗീയത സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ സംയോജിത സംസ്കാരവും തകർക്കപ്പെട്ടു. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വിഭാഗീയത ഇടം കണ്ടെത്തിയിരിക്കുന്നു. അവശ്യസാധനങ്ങളുടെ ഇല്ലായ്മ ഉള്‍പ്പെടെ നിലനില്‍പ്പിന് ആവശ്യമായതെല്ലാം വെല്ലുവിളി നേരിടുന്നു. തൊഴിലില്ലായ്മ രാജ്യത്തിന്റെ ചിഹ്നമായി. ചിന്തിക്കാനുള്ള സ്വാതന്ത്ര്യം പോലും ഭരണകൂട ഭീകരതയില്‍ വെല്ലുവിളി നേരിടുന്നു. 24 മണിക്കൂറും സർക്കാരിനെ പ്രശംസയില്‍ മൂടുകയാണ് ധര്‍മ്മമെന്ന് ഭരണകൂടം മാധ്യമങ്ങളോട് പറയുന്നു. വഴങ്ങുന്ന മാധ്യമങ്ങളെ ഉപയോഗിക്കുന്നു.

ന്യൂസ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും തീര്‍ക്കുന്ന ദുർബലമായ ബദലുകളാെഴികെ, സൃഷ്ടിക്കുന്ന വാർത്തകള്‍ മുഴുവൻ ഭരണകൂട പ്രകീര്‍ത്തനങ്ങളാണ്. ഭൂരിപക്ഷ വർഗീയ പ്രത്യയശാസ്ത്ര അജണ്ടയും ധനമൂലധന രാഷ്ട്രീയവുമാണ് അവരെയും നയിക്കുന്നത്. എന്നാല്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന, ധാർമ്മികത പിൻപറ്റി, തളരാതെ, കുനിയാതെ തുടരുന്ന മാധ്യമങ്ങളും കനലായി ശേഷിക്കുന്നുണ്ട്. അവയിലൊന്നാണ് ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടല്‍. 2009 ൽ പത്രപ്രവർത്തകനായ പ്രബീർ പുർകായസ്തയാണ് ന്യൂസ് ക്ലിക്ക് ആരംഭിച്ചത്. ജനകീയ പ്രസ്ഥാനങ്ങളുടെയും അവയുടെ പോരാട്ടങ്ങളുടെയും ചരിത്രം രേഖപ്പെടുത്തി ന്യൂസ് ക്ലിക്ക് സ്വയം സംസാരിക്കുന്നു. ന്യൂസ് ക്ലിക്കിനെതിരെയുള്ള നടപടികളും വിചാരണയും സത്യം തുറന്നുപറഞ്ഞതിന്റെ പേരിലാണ്. കേസുകളെടുക്കാം അന്വേഷണമാകാം. എന്നാല്‍ അത് തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം. പക്ഷെ ഭരണകൂടം പേപിടിച്ചപോലെ പായുകയാണ്. യുഎപിഎ ചുമത്തുന്നു. മൊബൈൽ, ലാപ്‍‌ടോപ്പ് തുടങ്ങിയ ഉപകരണങ്ങൾ പിടിച്ചെടുത്ത് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. ’37 പുരുഷന്മാരെയും ഒമ്പത് സ്ത്രീകളെയും ചോദ്യം ചെയ്തു’ വെന്ന് ഡൽഹി പൊലീസ് തന്നെ പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം ചുമത്തി കേസെടുത്തിരിക്കുന്നു. പലരും ഭീഷണിയിലാണ്. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും പ്രതികാര ഭീഷണിയില്ലാതെ പ്രവർത്തിക്കാനുള്ള സാഹചര്യത്തെക്കുറിച്ചും ഉയര്‍ത്തുന്ന ചോദ്യങ്ങൾ ഭരണകൂടം കേള്‍ക്കുന്നതേയില്ല.


ഇതുകൂടി വായിക്കൂ:സത്യസന്ധരായ ഉദ്യോഗസ്ഥരും മോഡി ഭരണത്തില്‍ ഇരകള്‍ 


ഒക്ടോബർ മൂന്നിന് ശേഷം ന്യൂസ് ക്ലിക്കിന്റെ പേരിലുള്ള പൊലീസ് റെയ്ഡുകള്‍ വ്യാപിക്കുകയാണ്, ഓഫിസുകളിലും വീടുകളിലും സഞ്ചാരയിടങ്ങളിലും. സ്വേച്ഛാധിപത്യ വ്യവസ്ഥിതിയുടെ വന്യ മാതൃക ആവർത്തിക്കുകയാണ്. പുലര്‍ച്ചെ പൊലീസ് സംഘത്തിന്റെ വരവായി. മുട്ടിവിളികൾ, പരുഷവും മര്യാദയില്ലാത്തതുമായ അലര്‍ച്ച. നിരന്തര ഭീഷണി. തുടർന്ന് വിശദീകരണമില്ലാതെ, തെളിവുകളില്ലാതെ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റുചെയ്യുന്നു. ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലിനെ വേട്ടയാടുന്ന കേന്ദ്രത്തിനെതിരെ ന്യൂയോർക്കിൽ നടന്ന പ്രകടനക്കാർ ഇത് മക്കാർത്തിസമെന്ന് ആര്‍ത്തുവിളിച്ചിരുന്നു. മക്കാർത്തിസം എതിർപ്പ് അടിച്ചമർത്തുന്നതിനായി തുടരുന്ന വേട്ടയാടലാണ്. കരിമ്പട്ടികയില്‍പ്പെടുത്തിയും ജോലി ഇല്ലാതാക്കിയും തുറുങ്കിലടച്ചും തുടരുന്ന രാഷ്ട്രീയ പകപോക്കല്‍. കേന്ദ്ര ഏജൻസികൾ സ്വീകരിക്കുന്ന സമീപനങ്ങളില്‍ തങ്ങൾക്ക് മതിപ്പില്ലെന്ന് കോടതികൾ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും ഭരണകൂടത്തിന്റെ വേട്ടയാടല്‍ തുടരുകയാണ്. കോടതിയുടെ പരാമർശങ്ങള്‍ക്ക് മൂർച്ചയേറിയാല്‍ നിയമം നിയമത്തിന്റെ വഴിക്കെന്നാകും പ്രതികരണം. ഒക്ടോബർ ആറിന് ഡൽഹി ഹൈക്കോടതി പൊലീസിനോട് ചോദിച്ചു: ‘ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്തയെയും എച്ച്ആർ മാനേജർ അമിത് ചക്രവർത്തിയെയും അവരുടെ അറസ്റ്റിനു പിന്നിലുള്ള കാരണം എന്തുകൊണ്ട് അറിയിക്കുന്നില്ല’ എന്ന്. തങ്ങളെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് അറിയാൻ അവകാശമുണ്ടെന്ന് വിശദീകരിക്കുന്ന സുപ്രീം കോടതി വിധികൾ ഹൈക്കോടതി ഉദ്ധരിച്ചു. മോഡി വിരുദ്ധ പാർട്ടികളുടെയും ഘടകങ്ങളുടെയും ഏകീകരണം തങ്ങള്‍ക്കെതിരെ വർധിച്ചുവരുന്ന ശക്തിയാണ് എന്ന ബോധ്യം ബിജെപിക്കുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും പിന്നീടുള്ള പാർലമെന്റ് തെരഞ്ഞെടുപ്പിനും മുന്നോടിയായി ബിജെപി സംഘശക്തികള്‍ക്കെതിരെ മതേതര ജനാധിപത്യ ആശയങ്ങളുടെ ശബ്ദമുയരുന്നുണ്ട്. മാധ്യമങ്ങൾ മാത്രമല്ല ശബ്ദമുയർത്തുന്നത്, മതേതര മനഃസാക്ഷിയുടെ ശബ്ദം തന്നെയാണ് മുഴങ്ങുന്നത്. ഭരണകൂടം ഭയക്കുന്നതും അതുതന്നെയാണ്.

Exit mobile version