Site iconSite icon Janayugom Online

വരുന്നു ലോകത്തിലെ ഏറ്റവും ഉയരമുള്ള മെട്രോ സ്റ്റേഷൻ; ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണം 10 പൂർത്തിയായി, 2029ൽ തുറക്കും

കഴിഞ്ഞ ജൂണിൽ ആരംഭിച്ച ദുബായ് മെട്രോ ബ്ലൂ ലൈൻ്റെ നിർമ്മാണം 10 ശതമാനം പൂർത്തിയാക്കി പുരോഗമിക്കുകയാണ്. 500 പ്രാദേശിക, രാജ്യാന്തര എഞ്ചിനീയർമാരുടെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ദുബായ് മെട്രോയുടെ 20-ാം വാർഷികമായ 2029ൽ ബ്ലൂ ലൈൻ യാത്രക്കാർക്കായി തുറക്കും. 30 കിലോമീറ്റർ ദൈർഘ്യത്തിൽ 14 സ്റ്റേഷനുകൾ ബ്ലൂ ലൈനിലുണ്ടാകും. മിർദിഫ്, അൽവർഖ, ഇന്റർനാഷനൽ സിറ്റി 1, 2, സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി, റാസൽഖോർ വ്യവസായ മേഖല, ദുബായ് ക്രീക് ഹാർബർ, ഫെസ്റ്റിവൽ സിറ്റി എന്നീ പ്രധാന കേന്ദ്രങ്ങളെ ബ്ലൂ ലൈൻ ബന്ധിപ്പിക്കും. ഈ മേഖലയിലുള്ളവർക്ക് 20 മിനിറ്റിനകം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്താൻ സാധിക്കും.

മെട്രോയിലെ റെഡ്, ഗ്രീൻ ലൈനുകളെയും ബ്ലൂ ലൈൻ ബന്ധിപ്പിക്കും. ഗ്രീൻ ലൈനിൽ അൽജദ്ദാഫിലെ ക്രീക് ഇന്റർസെക്‌ഷൻ സ്റ്റേഷനുമായും റെഡ് ലൈനിൽ സെൻ്റർ പോയിൻ്റ് ഇൻ്റർചേഞ്ച് സ്റ്റേഷനുമായാണ് ബ്ലൂ ലൈൻ ബന്ധിപ്പിക്കുക. ബ്ലൂ ലൈൻ ആരംഭിക്കുന്നതോടെ ഏകദേശം 10 ലക്ഷം താമസക്കാർക്ക് പ്രയോജനം ലഭിക്കും. കൂടാതെ, നഗരത്തിലെ ഗതാഗതക്കുരുക്കിനും ഒരുപരിധി വരെ പരിഹാരമാകും. 2050 കോടി ദിർഹമാണ് ബ്ലൂ ലൈൻ്റെ നിർമ്മാണച്ചെലവ്.

ലോകത്തിലെ ഏറ്റവും ഉയരമുള്ള മെട്രോ സ്റ്റേഷനും ബ്ലൂ ലൈനിൽ നിർമ്മിക്കുന്നുണ്ട്. ഇമാർ പ്രോപ്പർട്ടീസ് സ്റ്റേഷൻ എന്ന പേരിലറിയപ്പെടുന്ന ഈ സ്റ്റേഷൻ സ്വർണ സിലിണ്ടർ മാതൃകയിൽ 74 മീറ്റർ ഉയരത്തിലാകും നിർമ്മിക്കുക. 2009 സെപ്റ്റംബർ 9നാണ് ദുബായ് മെട്രോ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ മെട്രോയാണിത്. ബ്ലൂ ലൈൻ യാഥാർഥ്യമാകുന്നതോടെ ദുബായ് റെയിൽവേയുടെ മൊത്തം ദൈർഘ്യം 131 കിലോമീറ്ററാകും, കൂടാതെ 78 സ്റ്റേഷനുകളും ഉണ്ടാകും. 

Exit mobile version