Site icon Janayugom Online

‘ന്യൂട്ടന്റെ ആപ്പിൾ മരം’ യൂനിസ് കൊടുങ്കാറ്റിൽ നിലംപൊത്തി

apple

കേംബ്രിഡ്ജ് സർവകലാശാലയിലെ ബൊട്ടാണിക്കൽ ഗാർഡനിലുണ്ടായിരുന്ന ‘ന്യൂട്ടന്റെ ആപ്പിൾ മരം’ യൂനിസ് കൊടുങ്കാറ്റിൽ നിലംപൊത്തി. സർ ഐസക് ന്യൂട്ടന്‍ ഗുരുത്വാകർഷണ ബലം കണ്ടുപിടിക്കാൻ നിമിത്തമായ ആപ്പിൾ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്നാണ് കടപുഴകി വീണത്.

ലിങ്കൺഷെയറിൽ വൂൾസ്ത്രോപ് മാനറിലെ ന്യൂട്ടന്റെ വസതിയുടെ മുന്നിലുണ്ടായിരുന്ന ആപ്പിള്‍ മരത്തില്‍ നിന്ന് ക്ലോണ്‍ ചെയ്തെടുത്ത മൂന്ന് മരങ്ങളില്‍ ഒന്നാണ് സര്‍വകലാശാലയില്‍ നട്ടുപിടിപ്പിച്ചത്. 1954 ല്‍ വച്ചുപിടിപ്പിച്ച മരം ഹണി ഫംഗസ് ബാധ മൂലം നാശത്തിന്റെ വക്കിലായിരുന്നു. മരം കടപുഴകിയെങ്കിലും കൂടുതല്‍ ക്ലോണുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമം തുടരുമെന്ന് ബോട്ടാണിക്കൽ ഗാർഡന്‍ അധികൃതര്‍ വ്യക്തമാക്കി.

മണിക്കൂറിൽ നൂറു മൈലിലേറെ വേഗതയുള്ള കൊടുങ്കാറ്റാണ് മധ്യ അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിന്ന് കഴിഞ്ഞദിവസം വീശിയടിച്ചത്. യൂറോപ്പിലാകമാനം കനത്ത നാശനഷ്ടമായിരുന്നു കാറ്റ് വിതച്ചത്. പടിഞ്ഞാറൻ യൂറോപ്പിൽ വിമാനങ്ങളും ട്രെയിനുകളും ഫെറികളും തടസപ്പെട്ടിരുന്നു. ദശലക്ഷക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്.

Eng­lish Sum­ma­ry: ‘New­ton’s apple tree’ Eunice crash­es to the ground in storm

You may like this video also

Exit mobile version