Site iconSite icon Janayugom Online

നേപ്പാളിലെ അടുത്ത പ്രധാനമന്ത്രി ‘റാപ്പർ ബലേൻ’?

ഭരണവിരുദ്ധവികാരത്തില്‍ മുങ്ങിയ നേപ്പാളിലെ സമൂഹമാധ്യമങ്ങളില്‍ ഭാവിഭരണാധികാരിയായി പ്രചരിക്കുന്ന പേര്
റാപ്പര്‍ ബലേന്റേതാണ്. ”പ്രിയ ബലേന്‍, നേതൃത്വമേറ്റെടുക്കൂ. നേപ്പാള്‍ നിങ്ങളുടെ പിന്നിലുണ്ട്” എന്നതരത്തിലാണ് സമൂഹമാധ്യമങ്ങളിലെ മുറവിളി. ഒരിക്കല്‍ റാപ്പ് ഗാനങ്ങള്‍ പാടിനടന്ന ബലേന്റെ ശരിപ്പേര് ബലേന്ദ്ര ഷാ. നിലവില്‍ കാഠ്മണ്ഡു മേയര്‍. വയസ് 35. അടുത്തപ്രധാനമന്ത്രിയായി ജെന്‍ സീ വിപ്ലവകാരികള്‍ ഉയര്‍ത്തിക്കാട്ടുന്നത് ബലേനെയാണ്. 1990‑ല്‍ കാഠ്മണ്ഡുവില്‍ ജനിച്ച ബലേന്‍, നേപ്പാളില്‍ സിവില്‍ എന്‍ജിനിയറിങ് പഠിച്ചു. ഇന്ത്യയിലെ വിശ്വേശ്വരയ്യ െടക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍നിന്ന് സ്ട്രക്ചറല്‍ എന്‍ജനിയറിങ്ങില്‍ ബിരുദാനന്തരബിരുദം. രാഷ്ട്രീയത്തിലിറങ്ങുംമുന്‍പ് നേപ്പാളിലെ ഹിപ്പോപ്പ് ഗാനരംഗത്ത് സജീവമായിരുന്നു. അഴിമതി, അസമത്വം എന്നിവയ്‌ക്കെതിരേ പാട്ടുകളെഴുതിപ്പാടി.

2022‑ല്‍ കാഠ്മണ്ഡു മേയര്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചു. 61,000‑ലേറെ വോട്ടിനു ജയിച്ചു. ജെന്‍ സീ പ്രക്ഷോഭങ്ങള്‍ക്ക് ബലേന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. പ്രക്ഷോഭത്തിനിറങ്ങുന്നവര്‍ക്ക് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നതിനാലാണ് തെരുവിലിറങ്ങാത്തതെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.തലയോട്ടിയിലൊരു മഞ്ഞയും ചുവപ്പും തൊപ്പി. നേപ്പാള്‍ സര്‍ക്കാരിനെ താഴെയിറക്കിയ യുവപ്രക്ഷോഭകാരികളുടെ കൊടിയടയാളമായിരുന്നു ജാപ്പനീസ് അനിമീ, മാംഗ പരമ്പരയായ ‘വണ്‍ പീസി‘ല്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടു പിറന്ന ഈ ചിഹ്നം. സ്വാതന്ത്ര്യം, ധൈര്യം, വിപ്ലവം എന്നിവയുടെ പ്രതീകമായാണ് ഇത് കൊടിയടയാളമായത്.

Exit mobile version