രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) ഓഫിസുകളില്‍ എന്‍ഐഎ റെയ്ഡ്. കേരളത്തില്‍ 22 പേരടക്കം നൂറിലധികം നേതാക്കള്‍ അറസ്റ്റിലായി. 11 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമടക്കം നൂറിലധികം കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നു.
ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ പരിശോധനയില്‍ 106 പേരാണ് അറസ്റ്റിലായത്.
യുഎപിഎ കേസുകളിലായി ഉന്നത നേതാക്കള്‍ അറസ്റ്റിലാവുകയും, മതപരമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് ഫണ്ട് സ്വരൂപിച്ചതായി ആരോപണങ്ങള്‍ നേരിടുകയും ചെയ്തതിന് പിന്നാലെയാണ് നടപടി. രാജ്യവ്യാപകമായി നടന്ന ഏറ്റവും വലിയ പരിശോധനകളിലൊന്നാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായി നേതാക്കള്‍ അടക്കമുള്ള 22 പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര, കര്‍ണാടക (20 വീതം), തമിഴ്‌നാട് (10), അസം (9), ഉത്തര്‍പ്രദേശ് (8), ആന്ധ്രാപ്രദേശ് (5), മധ്യപ്രദേശ് (4) പുതുച്ചേരി, ഡല്‍ഹി (മൂന്നു വീതം), രാജസ്ഥാന്‍ (2) എന്നിങ്ങനെയാണ് അറസ്റ്റ്. ഇതര സംസ്ഥാനങ്ങളില്‍ അറസ്റ്റിലായവരെ ട്രാന്‍സിറ്റ് റിമാന്‍ഡ് നടപടിക്രമങ്ങള്‍ക്ക് ശേഷം വൈകിട്ടോടെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.
2006ല്‍ കേരളത്തില്‍ രൂപീകരിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം ഡല്‍ഹിയിലാണ്. രാജ്യത്ത് നടന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധം, 2020ലെ ഡല്‍ഹി കലാപം, ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന കൂട്ടബലാത്സംഗം എന്നിവയില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പിഎഫ്‌ഐയുടെ സാമ്പത്തിക ബന്ധങ്ങള്‍ ഇഡി അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിഎഫ്‌ഐക്കും അതിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ ഇഡി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഹത്രാസ് സംഭവത്തിന് ശേഷം വര്‍ഗീയ കലാപങ്ങള്‍ ഇളക്കിവിടാനും ഭീകരത പടര്‍ത്താനും പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
English summary; NIA and ED Raid at popular front offices across Kerala
You may also like this video;