Site iconSite icon Janayugom Online

ചികിത്സക്കായി ഹൈദരാബാദ് യാത്ര: വരവര റാവുവിന് അനുമതി നിഷേധിച്ച് എന്‍ഐഎ

എല്‍ഗര്‍— പരിഷത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുതിര്‍ന്ന കവിയും, സാമൂഹ്യ പ്രവര്‍ത്തകനുമായി വരവര റാവുവിന് ഹൈദരാബാദില്‍ പോകാനുള്ള അനുമതി നിഷേധിച്ച് എന്‍ഐഎ കോടതി. ദന്തചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് പോകാനും രണ്ട് മാസം അവിടെ താമസിക്കാനുമുള്ള അനുമതി തേടിയാണ് 83കാരനായ വരവര റാവു കോടതിയെ സമീപിച്ചത്.

എന്നാല്‍, വരവര റാവുവിന് മുംബൈയില്‍ തന്നെ ദന്തചികിത്സ തേടാമെന്നും അതിനുള്ള സൗകര്യം ഇവിടെയുണ്ടെന്നും ചൂണ്ടിക്കാണിച്ച്എന്‍ഐഎ കോടതി അനുമതി നിഷേധിക്കുകയായിരുന്നു.മുംബൈയിലെ ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക കോടതി ജഡ്ജി ചകോര്‍ ബവിസ്‌കറാണ് വരവര റാവുവിന്റെ പെറ്റീഷന്‍ തള്ളിയത്. നിങ്ങളുടെ ഹരജിയില്‍ നിങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് അഭിഭാഷകന്‍ പറയുന്നത്. എങ്കില്‍ മുംബൈയില്‍ തന്നെ സൗജന്യ ചികിത്സ നല്‍കുന്ന നിരവധി സര്‍ക്കാര്‍, ചാരിറ്റിബിള്‍ ആശുപത്രികളുണ്ട്.

തെലങ്കാനയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ നിങ്ങളുടെ മകള്‍ക്ക് മുംബൈയില്‍ ചികിത്സ നടത്താന്‍ സാമ്പത്തികമായി സഹായിക്കാന്‍ കഴിയും പെറ്റീഷന്‍ തള്ളിക്കൊണ്ട് ജഡ്ജി പറഞ്ഞു.2018 ഓഗസ്റ്റില്‍ വരവര റാവുവിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.2017 ഡിസംബറില്‍ പൂണെയില്‍ നടന്ന എല്‍ഗര്‍ പരിഷത്തില്‍ പ്രകോപനരമായ പ്രസംഗമുണ്ടായെന്നും ഇതാണ് ഭീമ കൊറേഗാവ് ആക്രമണത്തിന് കാരണമായതെന്നുമാണ് പൊലീസ് ആരോപണം. മാവോയിസ്റ്റുകളുടെ പിന്തുണയോടെയാണ് പരിഷത്ത് നടന്നതെന്നും അന്വേഷണ സംഘം ആരോപിച്ചിരുന്നു.

Exit mobile version