Site iconSite icon Janayugom Online

വേട്ടയാരംഭിച്ച സിബിഐയും എന്‍ഐഎയും

ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഇതുവരെയില്ലാത്തത്രയും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത വര്‍ഷമായിരുന്നു 2022. അതുസംബന്ധിച്ച കണക്കുകള്‍ അവര്‍തന്നെ കഴിഞ്ഞ ദിവസം അസാധാരണമായൊരു വാര്‍ത്താക്കുറിപ്പായി പുറത്തുവിട്ടിട്ടുണ്ട്. 2021ല്‍ 63 കേസുകളെടുത്തപ്പോള്‍ കഴിഞ്ഞ വര്‍ഷം 73 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.67 ശതമാനം കൂടുതല്‍. ഇതിന്റെ കൂടെത്തന്നെയാണ് ബിഹാറിലെ പഴയൊരു കേസ് സിബിഐ, പൊടിതട്ടിയെടുത്ത് വീണ്ടും അന്വേഷണം നടത്തുന്നുവെന്ന റിപ്പോ‍ര്‍ട്ടും പുറത്തുവന്നിട്ടുള്ളത്. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത 73ല്‍ 35 കേസുകളും ജിഹാദി ഭീകരതയുമായി ബന്ധപ്പെട്ടതാണെന്നും ഇവ ജമ്മു കശ്മീര്‍, അസം, ബിഹാര്‍, ഡല്‍ഹി, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്. തെലങ്കാന, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണെന്നുമാണ് (ഇതില്‍ പത്തെണ്ണം ജമ്മു കശ്മീരിലാണ്) അവരുടെ റിപ്പോര്‍ട്ടിലുള്ളത്. ഇടതുപക്ഷ തീവ്രവാദവുമായി ബന്ധപ്പെട്ട് 10, വടക്കു-കിഴക്കന്‍ മേഖല അഞ്ച്, നിരോധിത സംഘടനയായ പിഎഫ്ഐ ഏഴ്, പഞ്ചാബില്‍ നാല്, ഗുണ്ടാ-ഭീകര-മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ മൂന്ന്, ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം, വ്യാജ നോട്ട് നിര്‍മ്മാണം രണ്ട്, എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷം എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. ഡിസംബര്‍ 13ന് രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് സഹമന്ത്രി നിത്യാനന്ദ് റായ് നല്കിയ മറുപടി അനുസരിച്ച് 2019മുതല്‍ 2022വരെ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത 67ല്‍ 65 കേസുകളിലും ശിക്ഷ നല്കി. അതേസമയം ഇക്കാലയളവിനിടയില്‍ എന്‍ഐഎ അന്വേഷിച്ച കേസുകളുടെ എണ്ണം ഇരുനൂറിലധികമായിരുന്നു. അതിന്റെ മൂന്നിലൊന്നില്‍ മാത്രമാണ് നടപടികള്‍ പൂര്‍ത്തിയായത് എന്നര്‍ത്ഥം. ഇനി കഴിഞ്ഞ ദിവസം എന്‍ഐഎ പുറത്തുവിട്ട കണക്കുകള്‍ പരിശോധിക്കുക.

2022ല്‍ അവര്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഹിന്ദുത്വ ഭീകരതയോ വലതുപക്ഷ തീവ്രവാദമോ ആയി ബന്ധപ്പെട്ട ഒരു കേസ് പോലുമില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദവും പഞ്ചാബിലും ജമ്മു കശ്മീരിലും മതന്യൂനപക്ഷങ്ങളുമായും ബന്ധപ്പെട്ട കേസുകളെടുത്ത എന്‍ഐഎക്ക് ജിഹാദി ഭീകരതയുമായി ബന്ധമുള്ള 35 കേസുകള്‍ 12 സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്യുന്നതിന് സാധിച്ചു. പക്ഷേ ഒരു കേസില്‍ പോലും ഹിന്ദുത്വ ഭീകരത ഉള്‍പ്പെട്ടിട്ടില്ലെന്നത് യാദൃച്ഛികമാണെന്ന് കരുതുക വയ്യ. അത്തരം നൂറു സംഭവങ്ങളെങ്കിലും 2022ല്‍ മാത്രം പല സംസ്ഥാനങ്ങളില്‍നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബിഹാറില്‍ ലാലുപ്രസാദ് യാദവ്, തേജസ്വി യാദവ്, മറ്റു കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യുകയും ഉപേക്ഷിക്കുകയും ചെയ്ത കേസ് വീണ്ടും അന്വേഷിക്കുന്നതിനാണ് മറ്റൊരു കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 2017ല്‍ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍തന്നെ സിബിഐയെ പ്രതികാര നടപടിക്കായി ബിജെപി ദുരുപയോഗം ചെയ്യുന്നതാണ് എന്ന ആക്ഷേപമുയര്‍ന്നിരുന്നു. 2004 മുതല്‍ 2009 വരെ രാജ്യത്തിന്റെ റെയില്‍വേ മന്ത്രിയായിരിക്കെ ലാലു പ്രസാദ് നടത്തിയെന്ന് ആരോപിക്കപ്പെട്ട അഴിമതിയുടെ പേരിലായിരുന്നു എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ തിട്ടൂരമനുസരിച്ച് സിബിഐ കേസെടുത്തത്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിട്ട് അപ്പോഴേയ്ക്കും മൂന്ന് വര്‍ഷമായിരുന്നു. അവിടെയാണ് ബിജെപി സിബിഐയെ ലാലുവിനെതിരായി ഉപയോഗിക്കുവാന്‍ ശ്രമിച്ചതിന്റെ കാരണം എളുപ്പത്തില്‍ കണ്ടെത്താനാകുന്നത്.


ഇതുകൂടി വായിക്കൂ: വെറുംവാക്കുകള്‍ കൊണ്ട് അന്നം മുട്ടിക്കരുത്


2017 ജൂലൈയിലായിരുന്നു കേസുണ്ടാകുന്നത്. അന്ന് ലാലുവിന്റെ രാഷ്ട്രീയ ജനതാദളിന്റെ പിന്തുണയോടെ നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നു. ലാലുവിനും നിതീഷ് മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വിക്കുമെതിരെ സിബിഐ കേസെടുത്തയുടന്‍ അക്കാരണം പറഞ്ഞ് നിതീഷ് രാജിവയ്ക്കുകയും ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്തു. സിബിഐ അന്വേഷണം നടത്തിയ പ്രസ്തുത കേസ് 2019ല്‍ അഴിമതി ആരോപണത്തില്‍ തെളിവുകളൊന്നും ഇല്ലായെന്ന് കണ്ടെത്തി ഉപേക്ഷിക്കുകയായിരുന്നു. ഈ കേസിന് ആസ്പദമായി പറഞ്ഞിരുന്ന റെയില്‍വേയിലെ അഴിമതി നടക്കുമ്പോള്‍ ലാലുവിന്റെ മകന്‍ തേജസ്വിക്ക് പതിനാല് വയസുമാത്രമായിരുന്നു. എന്നിട്ടും അദ്ദേഹത്തെ പ്രതിചേര്‍ത്തുവെന്ന വിചിത്രമായ കാര്യവും ഇതിനൊപ്പം ന‍ടന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ കേസുകള്‍ സംബന്ധിച്ച് എന്‍ഐഎ പുറപ്പെടുവിച്ച അസാധാരണമായ വാര്‍ത്താക്കുറിപ്പും പൂട്ടിക്കെട്ടിയ പഴയ കേസ് കുത്തിപ്പൊക്കിയെടുത്ത് ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ വീണ്ടും അന്വേഷണത്തിന് തീരുമാനിച്ചതും അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ ആയുധമായി ഉപയോഗിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ്. എന്‍ഐഎ ഈ വര്‍ഷവും വിശ്രമരഹിതമായി എതിരാളികളെ വേട്ടയാടുമെന്നും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇനിയും ഇതുപോലുള്ള അന്വേഷണങ്ങളും കേസുകളും ഉണ്ടാകുമെന്നുമുള്ള മുന്നറിയിപ്പും ഇതിലൂടെ നല്കപ്പെടുന്നുണ്ട്.

Exit mobile version