Site iconSite icon Janayugom Online

പോപ്പുലർ ഫ്രണ്ട് നേതാക്കൾ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്ന് എൻഐഎ

അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളടക്കമുള്ള പ്രതികൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഐഎ. ഇവരിൽ നിന്നു പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ എൻഐഎ തിരുവനന്തപുരം സിഡാക്കിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സാമ്പത്തിക സഹായങ്ങൾ ലഭിച്ചതിലും ഭീകരവാദവുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റ് ബന്ധപ്പെട്ടുള്ളവയുമാണ് അന്വേഷണ ഏജൻസിയുടെ ചോദ്യങ്ങൾ. ഇവരിൽ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപുകളും ഫോണുകളും പരിശോധനയ്ക്ക് വിധേയമാക്കും. ഫോൺ വാട്സാപ്പ് കോളുകൾ തുടങ്ങിയ വീണ്ടെടുക്കുന്നതിനാണ് പരിശോധന.
കൂടാതെ പ്രതികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെ വിവിധ ഏജൻസികൾ ചോദ്യം ചെയ്യുന്നുണ്ട്.
അതേസമയം കേരളത്തിലെ പ്രമുഖരെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് നടത്തിയ ഗൂഢാലോചനയുടെ ഹിറ്റ്ലിസ്റ്റ് പുറത്തുവിടില്ലെന്ന് എൻഐഎ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിലാണ് എൻഐഎ ഹിറ്റ്ലിസ്റ്റ് പിടിച്ചെടുത്തത്. പോപ്പുലർ ഫ്രണ്ട് നേതാക്കൾ നടത്തിയ വധശ്രമ ഗൂഢാലോചന സംബന്ധിച്ച് വിശദമായി അന്വേഷണം വേണമെന്നും എൻഐഎ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 309 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആകെ 1404 പേര്‍ അറസ്റ്റിലായി. മലപ്പുറം ജില്ലയില്‍ ഇന്നലെ 17 പേര്‍ കൂടി അറസ്റ്റിലായി. സംസ്ഥാനത്തൊട്ടാകെ 834 പേരാണ് കരുതല്‍ തടങ്കലിലുള്ളത്. 

Eng­lish Sum­ma­ry: NIA says Pop­u­lar Front lead­ers are not coop­er­at­ing with interrogation

You may like this video also

Exit mobile version