Site iconSite icon Janayugom Online

‘നിധി ധരിച്ചത് ചെറിയ വസ്ത്രം’; സ്ത്രീവിരുദ്ധ പ്രസ്താവനയിൽ ക്ഷമചോദിക്കവെ വീണ്ടും വിവാദ പരാമര്‍ശവുമായി ശിവാജി

സ്ത്രീവിരുദ്ധ പ്രസ്താവനയിൽ ഖേദംപ്രകടിപ്പിക്കവെ വീണ്ടും വിവാദത്തിലായി തെലുങ്ക് നടൻ ശിവാജി. നടിമാർ സാരി ധരിക്കണമെന്നും ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്നും ശിവാജി പറഞ്ഞത് നേരത്തെ വിമർശനത്തിന് വഴിവെച്ചിരുന്നു. ഇതിൽ വിശ​ദീകരണം നൽകവെ, ഹൈദരാബാദിൽ നടി നിധി അഗർവാളിന് നേരെ ആരാധകരുടെ അതിക്രമം ഉണ്ടായത് ശിവാജി ചൂണ്ടിക്കാട്ടുമ്പോഴായിരുന്നു പുതിയ പരാമർശം.

“അന്ന് ഞാൻ നടിമാരുടെ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞത് നിധി ഹൈദരാബാദിലെ മാളിൽ പോയതുകൊണ്ടാണ്. അവിടെ ഒരു കൂട്ടം ആളുകൾ അവരെ വലിച്ചിഴക്കാൻ ശ്രമിച്ചു. നിധി ഒരു ചെറിയ വസ്ത്രമാണ് ധരിച്ചിരുന്നത്. ആൾക്കൂട്ടത്തിന് നടുവിൽപെട്ട നിധിയുടെ മുഖം കണ്ടപ്പോൾ അവർ വളരെ നാണംകെട്ടതായി എനിക്ക് തോന്നി. ഈ വിഷയം സംസാരിക്കുന്നതിനിടെ രണ്ട് മോശം വാക്കുകൾ ഉപയോഗിച്ചു. അതിൽ ക്ഷമ ചോദിച്ചു. പറഞ്ഞതെന്തായാലും, പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു”.- ഇതാണ് ശിവാജി എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറ‍ഞ്ഞത്.

എന്നാൽ പരാമർശത്തിനെതിരെ രൂക്ഷ മറുപടിയുമായി നിധി അഗർവാൾ രം​ഗത്തെത്തി. അതിജീവിതരെ കുറ്റപ്പെടുത്തുന്നത് കൃത്രിമം കാണിക്കലാണെന്ന് നടി പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ശിവാജിയുടെ പ്രസ്താവനകൾക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽമീഡയയിലും ഉയരുന്നത്. അതിക്രമങ്ങള്‍ കാരണം പുരുഷന്മാരുടെ പെരുമാറ്റത്തിന് പകരം സ്ത്രീകളുടെ വസ്ത്രധാരണമാണ് ശിവാജിയെപ്പോലുള്ളവർ കണ്ടെത്തുന്നതെന്നും, ഇത് നീതികരിക്കാനാകില്ലെന്നും നിരവധിപേർ പറഞ്ഞു. 

Exit mobile version