Site iconSite icon Janayugom Online

നിജ്ജര്‍ വധം: കാനഡയ്ക്ക് വിവരം നല്‍കിയത് യുഎസ്

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്ക കൈമാറിയ നിര്‍ണായക വിവരങ്ങളാണ് ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പിക്കാന്‍ കാനഡയെ സഹായിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. കാനഡയുടെ ഇന്റലിജന്‍സ് സംവിധാനം വിഷയത്തില്‍ കണ്ടെത്തിയ വിവരങ്ങളും കനേഡിയന്‍ പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് കൂടുതല്‍ കൃത്യത നല്‍കിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു. 

അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തലുകളില്‍ നിജ്ജര്‍ വധത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പിക്കാമെന്ന സൂചനയാണുള്ളത്. കാെലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇടപെട്ടതായും വിവരങ്ങളുണ്ടെന്ന് കാനഡയിലെ യുഎസ് അംബാസിഡര്‍ ഡേവിഡ് കോഹന്‍ സിടിവി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. 

ഫൈവ് ഐ സഖ്യ രാജ്യങ്ങളിലെ ഇന്റലിജന്‍സ് രേഖകള്‍ കൈമാറ്റം ചെയ്യുന്ന വേളയിലാണ് നിജ്ജര്‍ വധം സംബന്ധിച്ച വിവരം നല്‍കിയത്. ഇന്ത്യയുടെ പങ്ക് കൊലപാതകത്തിനു ശേഷമാണ് അമേരിക്ക അറിഞ്ഞത്. നേരത്തെ വിവരം ലഭിച്ചിരുന്നുവെങ്കില്‍ സ്വാഭാവികമായും അക്കാര്യം മുന്‍കൂട്ടി കാനഡയെ ധരിപ്പിക്കുമായിരുന്നുവെന്നും ഡേവിഡ് കോഹന്‍ വിശദീകരിക്കുന്നു.

നിജ്ജര്‍ വധത്തിന് പിന്നില്‍ ഇന്ത്യയാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയുടെ ആരോപണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ നിരന്തരം ആശയവിനിയമം നടത്തിയിരുന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസ് വിവരിക്കുന്നു. അന്താരാഷ്ട്രതലത്തിലുള്ള പല ഇന്റലിജന്‍സ് വിവരങ്ങളും അമേരിക്ക ശേഖരിക്കാറുണ്ട്. നിജ്ജര്‍ വധം സംബന്ധിച്ച തെളിവ് കൈമാറ്റം സ്വാഭാവികപ്രക്രിയ മാത്രമാണ്. എപ്പോള്‍ വേണമെങ്കിലും വധിക്കപ്പെടാമെന്ന മുന്നറിയിപ്പ് കാനഡ നിജ്ജറിനെ ധരിപ്പിച്ചിരുന്നതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Summary:Niger assas­si­na­tion: US tipped off to Canada
You may also like this video

Exit mobile version