ഖലിസ്ഥാന്‍ നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം കേന്ദ്രീകരിച്ചുള്ള സിബിസി റിപ്പോർട്ടിന് ഇന്ത്യയിൽ വിലക്ക്. യൂട്യൂബ്, എക്സ് എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. കനേഡിയന്‍ സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സിബിസി. കഴിഞ്ഞവർഷം ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറെയിലായിരുന്നു നിജ്ജാർ കൊല്ലപ്പെട്ടത്. കോണ്‍ട്രാക്ട് ടു കില്‍ എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ ഡോക്യുമെന്ററിയില്‍ നിജ്ജാറിന്റെ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിങ് പന്നൂവുമായുള്ള അഭിമുഖവും ഉള്‍പ്പെടുന്നുണ്ട്.
ഇന്ത്യയില്‍ വീഡിയോ ലഭ്യമാകുന്നത് തടയാന്‍ കേന്ദ്ര ഐടി മന്ത്രാലയത്തില്‍നിന്ന് നിർദേശം ലഭിച്ചതായി യൂട്യൂബ് അറിയിച്ചെന്ന് സിബിസി അവകാശപ്പെട്ടു. മറ്റ് രാജ്യങ്ങളില്‍ വീഡിയോ ലഭ്യമാണ്. യുട്യൂബിന് പുറമെ എക്സിനും സമാന നിർദേശം കേന്ദ്ര സർക്കാർ നല്‍കിയിട്ടുണ്ടെന്നും സിബിസി അറിയിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിന് നിജ്ജാറിന്റെ കൊലപാതകം കാരണമായിരുന്നു.
English Summary:Nijjar murder: Documentary banned
You may also like this video