Site iconSite icon Janayugom Online

നിലമ്പൂര്‍ വിധിയെഴുത്ത് ഇന്ന്; 263 പോളിങ് സ്റ്റേഷനുകള്‍, 10 സ്ഥാനാർത്ഥികള്‍

ഉപതെരഞ്ഞെടുപ്പ് ഇന്ന്. പുലർച്ചെ 5.30ന് മോക്ക് പോൾ ആരംഭിക്കും. രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ്. ഹോം വോട്ടിങ്ങിന് അനുമതി ലഭിച്ച 1,254 പേർക്കുള്ള വോട്ടെടുപ്പ് 16ന് പൂർത്തിയായി. ഉപതെരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ 263 എണ്ണമാണ് സജ്ജീകരിച്ചിരിക്കുന്നത്. റിസർവ് ഉൾപ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡൽ പ്രീ സ്കൂളിലെ 42-ാം നമ്പർ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ 120-ാം നമ്പർ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റർ 225-ാം നമ്പർ ബൂത്ത് എന്നിവ. ഏഴു മേഖലകളിലായി 11 പ്രശ്നസാധ്യതാ ബൂത്തുകളുണ്ട്. വനത്തിലുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ബൂത്തുകളിൽ വൻ സുരക്ഷാ സംവിധാമൊരുക്കിയിട്ടുണ്ട്. എല്ലാ ബൂത്തുകളിലെയും വോട്ടെടുപ്പില്‍ വെബ്കാസ്റ്റിങ് നടത്തും. 

എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് എന്നിവർ തമ്മിലാണ് പ്രധാനമത്സരം. എൻഡിഎക്ക് വേണ്ടി അഡ്വ. മോഹൻ ജോർജ്, സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവര്‍ എന്നിവരുള്‍പ്പെടെ 10 സ്ഥാനാർത്ഥികളാണുള്ളത്. മണ്ഡലത്തിലെ പുതുക്കിയ പട്ടിക പ്രകാരം 2,32,381 വോട്ടര്‍മാരുണ്ട്. പുരുഷ വോട്ടർമാർ‑1,13,613, വനിതാ വോട്ടർമാർ‑1,18,760, ട്രാൻസ്ജെൻഡർ വോട്ടർമാർ‑എട്ട്, 7,787 പേർ പുതിയ വോട്ടർമാരാണ്. പ്രവാസി വോട്ടർമാർ‑373, സർവീസ് വോട്ടർമാർ‑324. 1,301 പോളിങ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പ്രിസൈഡിങ് ഓഫിസര്‍മാർ‑316, പോളിങ് സ്റ്റാഫ്-975, മൈക്രോ ഒബ്സർവർമാർ‑10. സുരക്ഷയ്ക്ക് 1,200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും സജ്ജമായിട്ടുണ്ട്.
വോട്ടെണ്ണൽ ദിനത്തിലേക്കായി ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ 14 ഇവിഎം കൗണ്ടിങ് ടേബിളുകളും അഞ്ച് പോസ്റ്റൽ ബാലറ്റ്, സർവീസ് വോട്ട് കൗണ്ടിങ് ടേബിളുകളും സജ്ജീകരിക്കും. 

Exit mobile version