Site iconSite icon Janayugom Online

നിമിഷ പ്രിയയുടെ മോചനദ്രവ്യം; വ്യാജ പണപ്പിരിവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനദ്രവ്യം എന്ന പേരില്‍ നടക്കുന്ന വ്യാജ പണപ്പിരിവിനെതിരെ സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൌണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. കൗണ്‍സില്‍ ലീഗല്‍ അഡൈ്വസറും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. കെ ആര്‍ സുഭാഷ് ചന്ദ്രനാണ് മുഖ്യമന്ത്രിക്ക് ഇമെയില്‍ മുഖേനെ പരാതി അയച്ചത്. നിമിഷയുടെ മോചനത്തിന് ആവശ്യമായ 8.3 കോടി രൂപ ഇന്ത്യന്‍ ഗവണ്‍മെന്റ് ആരംഭിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവനയായി നല്‍കണമെന്നായിരുന്നു ആവശ്യം. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന സുവിശേഷ പ്രസംഗികനായ ഡോ. കെ എ പോളാണ് എക്‌സ് എക്കൗണ്ടില്‍ സംഭാവന പിരിച്ചത്. ഇത്തരത്തിലൊരു എക്കൗണ്ട് മുഖനെ കേന്ദ്ര സര്‍ക്കാര്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എക്‌സ് മുഖേനെ തന്നെ വ്യക്തമാക്കിയ കാര്യവും സുഭാഷ് ചന്ദ്രന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. 

ഇതുവരെ ഏതാണ്ട് 54000 ലധികം എക്‌സ് സുബ്‌സ്‌ക്രൈബേര്‍സ് പോസ്റ്റ് കണ്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉള്‍പ്പടെ തള്ളിക്കളഞ്ഞെങ്കിലും നിമിഷ പ്രിയ എന്ന മലയാളി പ്രവാസിയുടെ പേരില്‍ കോടിക്കണക്കിന് രൂപ കേരളീയ സമൂഹത്തില്‍ നിന്നും വിവിധ ഇന്ത്യക്കാരില്‍ നിന്നും അനധികൃതവും കുറ്റകരവുമായി പിരിച്ചെടുക്കാനാണ് ഡോ. കെ എ പോള്‍ ശ്രമിക്കുന്നതെന്നും സുഭാഷ് ചന്ദ്രന്‍ പരാതിയില്‍ വ്യക്തമാക്കി.
ഡോ. കെ എ പോള്‍ നടത്തിയ വ്യാജ അഭ്യര്‍ത്ഥനയെക്കുറിച്ച് ഉചിതമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷിക്കണമെന്നും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. കൂടാതെ, നേരത്തെ വധശിക്ഷ വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ ഇളവ് ചെയ്യപ്പെട്ട ശേഷം യെമന്‍ പൗരന്റെ കുടുംബത്തിന് ദിയാധനം നല്‍കി നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സഹായത്തോടെ തുടരുകയാണെന്നും ഇതിനിടക്കാണ് വ്യാജ പിരിവിനുള്ള ശ്രമങ്ങളെന്നും അഡ്വ. സുഭാഷ്ചന്ദ്രന്‍ വ്യക്തമാക്കി.

Exit mobile version