Site iconSite icon Janayugom Online

ശരിഅത്ത് നിയമ പ്രകാരമേ മോചനം ലഭിക്കൂ ;യെമനില്‍ പോകാന്‍ സൗകര്യമൊരുക്കണം, ഹര്‍ജിയുമായി നിമിഷപ്രിയയുടെ അമ്മ

നിമിഷ പ്രിയയ്ക്ക് ശരിഅത്ത് നിയമ പ്രകാരമേ മോചനം ലഭിക്കൂ എന്ന് അമ്മ പ്രേമകുമാരി. ഇതിനായുള്ള ചര്‍ച്ചക്ക് യെമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രേമ കുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുകയാണ് നിമിഷ പ്രിയ.

യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017‑ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീല്‍ യമന്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ അനുകൂല വിധി ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ അമ്മ പ്രേമകുമാരി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഒത്തുതീര്‍പ്പിനായുള്ള ശ്രമങ്ങളും കോടതി നടപടികളും പുരോഗമിക്കുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ പിന്നീട് പുരോഗതിയുണ്ടായിരുന്നില്ല. ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ശരിഅത്ത് നിയമ പ്രകാരമുളള ബ്ലഡ് മണി തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ മാത്രമേ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുള്ളു. ഇതിനായി തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബവുമായി ചര്‍ച്ച ആവശ്യമാണ്. ഈ ചര്‍ച്ചകള്‍ക്ക് യമനിലേക്ക് പോകാന്‍ തനിക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും സേവ് നിമിഷപ്രിയ ഫോറത്തിന്റെ ഭാരവാഹികള്‍ക്കും അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണെമെന്ന് ആവശ്യപ്പെട്ടാണ് പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

Eng­lish Sum­ma­ry: nimishapriya s moth­er approach­es del­hi high court seek­ing per­mis­sion to trav­el to yemen
You may also like this video

Exit mobile version