Site iconSite icon Janayugom Online

നിമിഷപ്രിയയുടെ വധശിക്ഷ; 16 ന് നടപ്പാക്കുമെന്ന് മെസ്സേജ് ലഭിച്ചെന്ന് ഭർത്താവ്

യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ ഈ മാസം 16 ന് വധശിക്ഷയ്ക്ക് വിധേയയാക്കുമെന്ന് അറിയിച്ചതായി കുടംബം. നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ് ആണ് ഇക്കാര്യം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. നിമിഷ പ്രിയ ഇപ്പോള്‍ യെമനിലെ സനയിലെ സെന്‍ട്രല്‍ പ്രിസണിലാണുള്ളത്. ജയിലില്‍ നിന്നും കഴിഞ്ഞയാഴ്ച വാട്‌സ് ആപ്പ് ടെക്സ്റ്റിലൂടെയും വോയ്‌സ് മെസ്സേജിലൂടെയുമാണ് നിമിഷ പ്രിയ വധശിക്ഷയുടെ കാര്യം അറിയിച്ചതെന്ന് ടോമി തോമസ് പറഞ്ഞത്. ജയില്‍ ചെയര്‍മാനാണ് വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനവും തീയതിയും അറിയിച്ചതെന്ന് നിമിഷപ്രിയ അറിയിച്ചതായും ടോമി തോമസ് വ്യക്തമാക്കി.

ശിക്ഷ നടപ്പാക്കുന്ന തീയതിയെക്കുറിച്ച് പറഞ്ഞ നിമിഷപ്രിയ വളരെ അസ്വസ്ഥയായിരുന്നു. മോചനത്തിനായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് സന്ദേശങ്ങളിലൂടെ താന്‍ ആശ്വസിപ്പിച്ചുവെന്ന് ടോമി തോമസ് പറഞ്ഞു. പാലക്കാട് സ്വദേശിയാണ് നിമിഷ പ്രിയ. നിമിഷപ്രിയയെ മോചിപ്പിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ടോമി തോമസ് കഴിഞ്ഞദിവസം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടിരുന്നു. ഗവര്‍ണര്‍ തന്റെ മുന്നില്‍ വെച്ചു തന്നെ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടുവെന്നും, തന്നാല്‍ കഴിയാവുന്ന എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പു നല്‍കിയെന്നും ടോമി തോമസ് പറഞ്ഞു. യെമനിലുള്ള നിമിഷപ്രിയയുടെ അമ്മയുമായും ഗവര്‍ണര്‍ ഫോണിലൂടെ സംസാരിച്ചു. ഗവര്‍ണര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ പ്രേമകുമാരി, മകളുടെ ജീവന്‍ രക്ഷിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു. അതേസമയം മോചനതിന് ഇടപെടല്‍ തുടരുകയാണ്. സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

2017 ജൂലൈയില്‍ യെമന്‍ വ്യവസായി തലാല്‍ അബ്ദോ മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ 2020 ലാണ് നിമിഷ പ്രിയയെ യെമന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ 2023 നവംബറില്‍ യെമന്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ തള്ളുകയായിരുന്നു. യെമന്‍ നിയമപ്രകാരം ഇരയുടെ കുടുംബം ദിയാധനം ( ബ്ലഡ് മണി) സ്വീകരിച്ച് മാപ്പ് നല്‍കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

Exit mobile version