Site icon Janayugom Online

മൂന്ന് വനിതകള്‍ ഉള്‍പ്പെടെ സുപ്രീം കോടതിയിലേക്ക് ഒമ്പത് ജഡ്ജിമാര്‍

supreme court

സുപ്രീം കോടതി ജഡ്ജിമാരായി ഒമ്പതുപേരെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്‌തു. ഇവരില്‍ മൂന്ന് വനിതകളും കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി സി ടി രവികുമാറും ഉള്‍പ്പെടുന്നു.

കര്‍ണാടക ഹൈക്കോടതിയിലെ ബി വി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമാ കോലി, ഗുജറാത്ത് ഹൈ­ക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് പട്ടികയിലെ വനിതകള്‍. സി ടി രവികുമാറിന് പുറമെ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി, മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജി എം എം സുന്ദരേഷ്, മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ എന്നിവരുടെ പേരുകളും ശുപാര്‍ശ ചെയ്തു.

നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ ബി വി നാഗരത്‌ന 2027 ല്‍ ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുണ്ട്. സുപ്രീം കോടതിയിലെ വനിത ജഡ്ജിമാരുടെ എണ്ണം നാലായി ഉയരും. അഭിഭാഷകവൃത്തിയില്‍ നിന്നും നേരിട്ട് ഉയര്‍ത്തപ്പെടുന്ന ഒമ്പതാമത്തെ സുപ്രീംകോടതി ജഡ്ജിയായി പി എസ് നരസിംഹയും മാറും.

അതേസമയം അന്തിമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുംമുമ്പ് മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അതൃപ്തി അറിയിച്ചിരുന്നു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് സുപ്രീം കോടതിയുടെ അന്തസ് കെടുത്തുന്നതാണെന്നും മാധ്യമങ്ങള്‍ സ്വയം അന്തിമ തീരുമാനത്തിലേക്ക് എത്തുന്നത് അഭികാമ്യമല്ലെന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചിരുന്നു.

 

Eng­lish Sum­ma­ry: Nine judges to the Supreme Court, includ­ing three women
You may like this video also

Exit mobile version