Site iconSite icon Janayugom Online

പത്തിൽ ഒമ്പത് ഇന്ത്യക്കാരും വ്യായാമം ചെയ്യുന്നില്ല; ആശങ്കാജനകമെന്ന് റിപ്പോർട്ട്

ഇന്ത്യക്കാരിൽ കായിക വിനോദങ്ങളോടും വ്യായാമത്തോടുമുള്ള താല്പര്യം കുറഞ്ഞുവരുന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ (എന്‍എസ്ഒ) പുതിയ സർവേ റിപ്പോർട്ട്. 2024 ലെ കണക്കുകൾ പ്രകാരം പത്ത് ഇന്ത്യക്കാരിൽ ഒരാൾ മാത്രമാണ് (9.7%) പതിവായി വ്യായാമം ചെയ്യുന്നത്. 2019 നെ അപേക്ഷിച്ച് നേരിയ വർധനയുണ്ടായെങ്കിലും 1998 ലെ സ്ഥിതിയിൽ നിന്നും വലിയ മാറ്റമില്ലാതെയാണ് രാജ്യം തുടരുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ വ്യായാമം ചെയ്യുന്നത് വളരെ കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പുരുഷന്മാരിൽ 14.5% പേർ വ്യായാമം ചെയ്യുമ്പോൾ സ്ത്രീകളിൽ ഇത് കേവലം 4.9% മാത്രമാണ്. വീട്ടുജോലികളുടെ അമിതഭാരവും സമയമില്ലായ്മയുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നഗരപ്രദേശങ്ങളിൽ 14% പേർ വ്യായാമം ചെയ്യുമ്പോൾ ഗ്രാമങ്ങളിൽ ഇത് 7% മാത്രമാണ്. ഗ്രാമീണ മേഖലയിലെ സ്ത്രീകളാണ് വ്യായാമത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ (3.1%). വരുമാനം കൂടുന്തോറും വ്യായാമത്തിനായുള്ള താല്പര്യവും കൂടുന്നതായി കാണുന്നു. ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള കുടുംബങ്ങളിൽ 17% പേർ വ്യായാമം ചെയ്യുമ്പോൾ താഴ്ന്ന വരുമാനക്കാർക്കിടയിൽ ഇത് 8.4% ആണ്. ബിരുദാനന്തര ബിരുദമുള്ളവരിൽ 26% പേരും വ്യായാമത്തിന് സമയം കണ്ടെത്തുന്നുണ്ട്. 

2019 ൽ ഇത് 16% മാത്രമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം മുതിർന്നവർ ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. എന്നാൽ ഇന്ത്യയിൽ വെറും 10% മുതിർന്നവർ മാത്രമാണ് ഈ നിര്‍ദേശം പാലിക്കുന്നത്. വീട്ടുജോലികൾ വ്യായാമത്തിന് പകരമാവില്ലെന്നും സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥയും തൈറോയ്ഡ് പ്രശ്നങ്ങളും വർധിക്കാൻ വ്യായാമത്തിന്റെ കുറവ് കാരണമാകുന്നുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വ്യായാമത്തിന്റെ കാര്യത്തിൽ ഗോവയാണ് (24.1%) രാജ്യത്ത് ഒന്നാമത്. ഹിമാചൽ പ്രദേശ് (21.5%), ഹരിയാന (17.5%) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. മഹാരാഷ്ട്രയും കർണാടകയും ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്. ശാരീരിക നിഷ്ക്രിയത്വം മൂലം 2030 ആകുമ്പോഴേക്കും ലോകത്ത് 500 ദശലക്ഷം പുതിയ ജീവിതശൈലീ രോഗികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ലാൻസെറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 

Exit mobile version