ഇടിമിന്നലേറ്റ് ഒമ്പത് പേർക്ക് പരിക്ക്. കോഴിക്കോട് സൗത്ത് ബീച്ച് കടപ്പുറം ഭാഗത്ത് നിന്നവര്‍ക്കാണ് ഇന്ന് ഉച്ചയ്ക്കുണ്ടായ അതിശക്തമായ മിന്നലില്‍ പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സൗത്ത് ബീച്ച് തലനാർ തൊടുക ദിയാമൻസിലിൽ ടി ടി സലീം (40), മകൻ മുഹമ്മദ് ഹനീൻ (17), തലനാർതൊടുക മനാഫ് (53), സൗത്ത് ബീച്ച് നാലകംപറമ്പ് സ്വദേശികളായ എൻ പി സുബൈർ (55), ജംഷിർ (34), അബ്ദുൽ ലത്തീഫ് എന്ന ബിച്ചു (54), പരപ്പിൽ സ്വദേശി അഷ്റാഫ് (45), പുതിയങ്ങാടി സ്വദേശി ഹാജിയാരകത്ത് ഷെരീഫ് (37) എന്നിവർക്കാണ് മിന്നലേറ്റത്. ഇതിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലുള്ളവർക്ക് അടുത്ത ദിവസം തന്നെ ആശുപത്രി വിടാനാവുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. തമിഴ്‌നാട്ടിലെ പുകയില കൃഷിക്ക് കൊണ്ടുപോകാനായി കടൽവെള്ളം ലോറിയിലെ ബാരലിൽ നിറയ്ക്കുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികൾ കൂടിയായ മനാഫിനും അബ്ദുൾ ലത്തീഫിനും മിന്നലേറ്റത്. ഇവർക്കൊപ്പം സുബൈറും ജംഷീറും അഷ്റാഫും ലോറിയിലുണ്ടായിരുന്നു. ലോറിയിൽ നിരത്തിവെച്ച ബാരലിന് മുകളിൽ നിൽക്കുകയായിരുന്ന അബ്ദുൾ ലത്തീഫ് മിന്നലേറ്റ ഉടൻ തെറിച്ച് വീണു. ഇവരെ കൂടാതെ മറ്റ് ചിലരും സംഭവസ്ഥലത്തുണ്ടായിരുന്നു. അവർക്ക് ശാരീരിക പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നാണ് വിവരം.
കക്ക വിൽപ്പന നടത്തുന്നതിനിടെയാണ് ഹനീനും കക്ക വാങ്ങാനെത്തിയ ഷെരീഫിനും മിന്നലേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ഉടനെ ബീച്ച് ജനറൽ ആശുപത്രിയിലെത്തിച്ചു. പലർക്കും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിദഗ്ധ പരിശോധനയും നടത്തിയിരുന്നു. ആദ്യം കടലിലായിരുന്നു മിന്നലുണ്ടായിരുന്നത്. തൊട്ടുപിന്നാലെ തന്നെ കരയോട് ചേർന്ന് വീണ്ടും മിന്നലടിക്കുകയായിരുന്നുവെന്ന് ചികിത്സയിലുള്ളവർ പറഞ്ഞു.
English Summary:Nine people were injured by lightning; One is in critical condition
You may also like this video