Site iconSite icon Janayugom Online

സംസ്ഥാനത്ത് മനുഷ്യ‑വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഒമ്പത് ആർആർടികൾ

സംസ്ഥാനത്ത് മനുഷ്യ‑വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനം വന്യജീവി വകുപ്പിൽ ഒമ്പത് റാപ്പിഡ് റെസ്പോൺസ് ടീമുകൾ (ആർആർടി) രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പിനായി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ, ഫോറസ്റ്റ് ഡ്രൈവർ, പാർട്ട് ടൈം സ്വീപ്പർ എന്നിവയുടെ ഒമ്പത് തസ്തികകൾ വീതം സൃഷ്ടിക്കുന്നതിനും അനുമതി നൽകി. 

തിരുവനന്തപുരം ഡിവിഷനിൽ പാലോട്, പുനലൂർ ഡിവിഷനിൽ തെന്മല, കോട്ടയം ഡിവിഷനിൽ വണ്ടൻപതാൽ, മാങ്കുളം ഡിവിഷനിൽ കടലാർ, കോതമംഗലം ഡിവിഷനിൽ കോതമംഗലം എന്നിവിടങ്ങളിലും ചാലക്കുടി ഡിവിഷനിൽ പാലപ്പിള്ളി, നെന്മാറ ഡിവിഷനിൽ കൊല്ലങ്കോട്, നിലമ്പൂർ സൗത്ത് ഡിവിഷനിൽ കരുവാരക്കുണ്ട്, നോർത്ത് വയനാട് ഡിവിഷനിൽ മാനന്തവാടി എന്നിവിടങ്ങളിലുമാണ് പുതുതായി രൂപീകരിക്കുന്ന ആർആർടികൾ. 

ഒന്‍പത് ആര്‍ആര്‍ടികള്‍ക്കായി ഒമ്പത് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍, ഒമ്പത് ഫോറസ്റ്റ് ഡ്രൈവര്‍, ഒമ്പത് പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ തസ്തികകളും സൃഷ്ടിക്കും. ഒരു ആര്‍ആര്‍ടിയില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍, ഫോറസ്റ്റ് വാച്ചര്‍മാര്‍, ഫോറസ്റ്റ് ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവരാണ് ഉണ്ടാകുക.

മനുഷ്യ‑വന്യജീവി സംഘര്‍ഷം മാര്‍ച്ച് ഏഴ് മുതല്‍ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. മനുഷ്യ‑വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനായി ദീര്‍ഘകാല‑ഹ്രസ്വകാല പദ്ധതികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അന്തര്‍ദേശീയ‑ദേശീയ വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള സമിതിയും രൂപീകരിച്ചിട്ടുണ്ട്. കൂടുതല്‍ ആര്‍ആര്‍ടികള്‍ വരുന്നതോടെ മനുഷ്യ‑വന്യജീവി സംഘര്‍ഷം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Eng­lish Summary:Nine RRTs to mit­i­gate human-wildlife con­flict in the state
You may also like this video

Exit mobile version