Site iconSite icon Janayugom Online

നിപ: ആറ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതുവരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതി വിലയിരുത്തി. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ സമ്പർക്കപ്പട്ടികയിൽ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും 90 പേർ സെക്കന്ററി കോൺടാക്ട് പട്ടികയിലുമാണ്. 

പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്. രോഗലക്ഷണങ്ങളുമായി രണ്ടു പേർ ഇന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുണ്ട്. ഇവർ അടക്കം നാലു പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും 28 പേർ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് മികച്ച മാനസിക പിന്തുണയാണ് നൽകിവരുന്നത്. ഇന്ന് ആറു പേർക്ക് ഉൾപ്പെടെ 274 പേർക്ക് കോൾ സെന്റർ വഴി മാനസിക പിന്തുണ നൽകി.

Exit mobile version