തിരുവാലിയിലെ നിപ ബാധിത പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. നിപ മരണം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മൃഗങ്ങളില്‍ നിന്നും രക്ത, ശ്രവ സാമ്പിളുകള്‍ ശേഖരിച്ചു. ഈ സാമ്പിളുകള്‍ വിശദ പരിശോധനയ്ക്കായി അയക്കും.ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി ബിന്ദുവിന്റെ നേതൃത്വത്തില്‍ ഡിസ്ട്രിക്ട് വെറ്റിനറി സെന്ററിലെ ചീഫ് വെറ്റിനറി ഓഫിസര്‍ ഡോ.ഷാജി, ഡോ. സുശാന്ത് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് ഇന്നലെ തിരുവാലി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സാമ്പിളുകള്‍ ശേഖരിച്ചത്. തുടര്‍ന്ന് പഞ്ചായത്തില്‍ പ്രത്യേക അവലോകന യോഗവും ചേര്‍ന്നു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീരാമന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മൃഗസംരക്ഷണ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തന നടപടികള്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ വിശദീകരിച്ചു.മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ വി ബിന്ദുവിന്റെ നേതൃത്വത്തില്‍ ജില്ലാ സര്‍വേജിലന്‍സ് ടീം അംഗങ്ങളായ ഡോ. ഷാജി, ഡോ. സുശാന്ത്, ഡോ. അബ്ദുല്‍ നാസര്‍, തിരുവാലി വെറ്റിനറി സര്‍ജന്‍ ഡോ. ജിബിന്‍ ജോര്‍ജ്, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ കെ സി സുരേഷ് ബാബു, ശ്രീനാഥ്, ഷഹിന്‍ ഷാ, ശബരി ജാനകി, ഡ്രൈവര്‍ സുന്ദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.