Site iconSite icon Janayugom Online

നീരവ് മോഡിയുടെ സഹോദരന്‍ നേഹല്‍ മോഡി യുഎസില്‍ അറസ്റ്റില്‍

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോഡിയുടെ സഹോദരന്‍ നേഹല്‍ മോഡി അറസ്റ്റില്‍. യുഎസില്‍ വച്ചാണ് അറസ്റ്റിലായത്. നേഹല്‍ മോഡിയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനുള്ള നടപടിയുടെ ഭാഗമയാണ് അറസ്റ്റ്. ഇഡിയും, സിബിഐയും സംയുക്തമായി നല്‍കിയ അപേക്ഷയിലാണ് യുഎസ് ഏജന്‍സി ഇയാളെ അറസ്റ്റ് ചെയ്തത്. 2018ൽ പുറത്തുവന്ന ബാങ്കിംഗ് തട്ടിപ്പിൽ നേഹൽ മോഡിക്കെതിരെ കേസെടുത്തിരുന്നു. 

നീരവ് മോഡിയാണ് കേസിലെ പ്രധാന പ്രതി. അഴിമതിയുടെ പശ്ചാത്തലത്തിൽ, പ്രധാന തെളിവുകൾ നശിപ്പിക്കാനും, സാക്ഷികളെ ഭീഷണിപ്പെടുത്താനും, അന്വേഷണം തടസ്സപ്പെടുത്താനും നീരവിനെ സഹായിച്ചതിൽ നേഹൽ മോഡിക്ക് പങ്കുണ്ടെന്ന് ഇന്ത്യൻ അധികൃതർ ആരോപിക്കുന്നു. സഹോദരന്റെ സഹായത്തോടെ ആയിരക്കണക്കിന് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായും നേഹൽ മോഡിക്കെതിരെ കുറ്റമുണ്ട്. ഷെൽ കമ്പനികളിലൂടെയും വിദേശത്ത് നടത്തിയ ഇടപാടുകൾ വഴിയും നേഹൽ ഈ പണം വിതരണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

ഈമാസം 17ന് കേസ് വീണ്ടും പരി​ഗണിക്കുമ്പോൾ നേഹൽ മോഡിക്ക് ജാമ്യാപേക്ഷ സമർപ്പിക്കാം. എന്നാൽ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് യുഎസ് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളായ നീരവ് മോഡി ലണ്ടനിലെ ജയിലിൽ കസ്റ്റഡിയിൽ കഴിയുകയാണ്. കേസില്‍ പ്രതിയായ മെഹുല്‍ ചോക്‌സിയെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോക്‌സിക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് നിലവിലുണ്ട്.

Exit mobile version