Site icon Janayugom Online

മത്സരിക്കാത്തത് വിജയസാധ്യതയുള്ള സീറ്റില്ലാത്തതിനാലെന്ന് നിര്‍മ്മല

തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിജയസാധ്യതയുള്ള സീറ്റില്ലാത്തതിനാലാണ് ലോക്‌സഭയില്‍ മത്സരിക്കാനുള്ള നിര്‍ദേശത്തില്‍ നിന്ന് പിന്‍മാറിയതെന്ന് സൂചിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. 

നിലവില്‍ രാജ്യസഭാംഗമായ നിര്‍മ്മലാ സീതാരാമന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്ത് മത്സരിക്കുമെന്ന് നേരത്തെ പ്രചരണമുണ്ടായിരുന്നു. ആന്ധ്രയിലോ തമിഴ്‌നാട്ടിലോ മത്സരിക്കണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിരുന്നു. വളരെയധികം ആലോചിച്ച ശേഷം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവന്ന് സ്വകാര്യ ചാനലിന്റെ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.
മത്സരിക്കാതിരിക്കുന്നതിന് രണ്ടുകാരണങ്ങളാണ് നിര്‍മ്മല അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. മത്സരിക്കണമെങ്കില്‍ വളരെയധികം പണം ആവശ്യമുണ്ട്. അത് തന്റെ കയ്യില്‍ ഇല്ല. മറ്റൊന്ന് വിജയസാധ്യതയാണ്. രണ്ട് സംസ്ഥാനങ്ങളിലും വിജയിക്കണമെങ്കില്‍ പ്രാദേശിക, സാമുദായിക ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ വിജയസാധ്യതയില്ലെന്ന് കണ്ടതിനാല്‍ ഒരാഴ്ചയോളം ആലോചിച്ച ശേഷമാണ് മത്സരിക്കാനില്ലെന്ന് അറിയിച്ചതെന്ന് അവര്‍ വെളിപ്പെടുത്തി.

രണ്ട് സംസ്ഥാനങ്ങളിലും അനുയോജ്യമായ ഘടകക്ഷികളെ ലഭിക്കാത്തതിനാല്‍ ബിജെപിക്ക് വിജയസാധ്യത കുറവാണെന്ന നിഗനങ്ങള്‍ ശരിവയ്ക്കുന്നതുമാണ് അവരുടെ നിലപാട്. 2014ല്‍ ആന്ധ്രയില്‍ നിന്നും 2016 മുതല്‍ കര്‍ണാടകയില്‍ നിന്നുമാണ് നിര്‍മ്മലാ സീതാരാമന്‍ രാജ്യസഭയിലെത്തിയത്. 

Eng­lish Sum­ma­ry: Nir­mala said that she did not con­test because there was no pos­si­ble seat

You may also like this video

Exit mobile version