Site iconSite icon Janayugom Online

നികുതിവെട്ടിപ്പ് കണ്ടെത്താന്‍ സഹായിച്ചത് വാട്സ് ആപ്പ് സന്ദേശങ്ങളെന്ന് നിര്‍മ്മലാ സീതാരാമന്‍

200 കോടി രൂപയുടെ നികതിവെട്ടിപ്പ് കണ്ടെത്താന്‍ സഹായിച്ച വാട്സ് ആപ്പ് സന്ദേശങ്ങള്‍ ഉദ്ധരിച്ച് പുതിയ ആദായ നികുതി ബില്ലിനെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ . നികുതിവെട്ടിപ്പും സാമ്പത്തിക തട്ടിപ്പും തടയുന്നതിന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം അനുവദിക്കുന്നത് നിര്‍ണായകമാണെന്ന് ലോക്സഭയെ അഭിസംബോധന ചെയ്തുകൊണ്ട് ധനമന്ത്രി പറഞ്ഞു. 

വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യമീഡിയ‑ഡിജിറ്റല്‍ അക്കൗണ്ടുകളിലേക്ക് പ്രത്യേക അനുമതികളില്ലാതെ തന്നെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധനകള്‍ നടത്താന്‍ അനുമതിയും പുതിയ ആദായ നികുതി ബില്ലിലുണ്ട്. മൊബൈല്‍ ഫോണുകളിലെ എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ വഴി കണക്കില്‍പ്പെടാത്ത 250 കോടി രൂപയുടെ പണം കണ്ടെത്തി. വാട്സാപ്പ് സന്ദേശങ്ങളില്‍ നിന്ന് ക്രിപ്റ്റോ ആസ്തികളുടെ തെളിവുകള്‍ കണ്ടെത്തി. 

വാട്‌സാപ്പ് ആശയവിനിമയം കണക്കില്‍പ്പെടാത്ത 200 കോടി രൂപയുടെ പണം കണ്ടെത്താന്‍ സഹായിച്ചു’ ധനമന്ത്രി സഭയില്‍ പറഞ്ഞതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗൂഗിള്‍ മാപ്പ് ഹിസ്റ്ററി ഉപയോഗിച്ച് പണം ഒളിപ്പിക്കാന്‍ പതിവായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞതായും ബെനാമി സ്വത്തുടമസ്ഥത നിര്‍ണ്ണയിക്കാന്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ വിശകലനം ചെയ്തതായും നിര്‍മലാ സീതാരാമന്‍ പരാമര്‍ശിച്ചു. ക്രിപ്റ്റോകറന്‍സികള്‍ പോലുള്ള വെര്‍ച്വല്‍ ആസ്തികള്‍ക്ക് കണക്കുകള്‍ നല്‍കേണ്ടി വരുന്നത് ഉറപ്പാക്കുമെന്നും അവര്‍ വ്യക്തമാക്കി. കോടതിയില്‍ നികുതി വെട്ടിപ്പ് തെളിയിക്കുന്നതിനും നികുതി വെട്ടിപ്പിന്റെ കൃത്യമായ തുക കണക്കാക്കുന്നതിനും ഡിജിറ്റല്‍ അക്കൗണ്ടുകളില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുന്നത് പ്രധാനമാണെന്നും അവര്‍ പറഞ്ഞു. 

Exit mobile version