Site iconSite icon Janayugom Online

നിസാര്‍: ആദ്യ റഡാര്‍ ചിത്രമെത്തി

ഭൂമിയുടെ ഉപരിതലത്തിന്റെ ആദ്യ റഡാര്‍ ചിത്രം പുറത്ത് വിട്ട് നാസ‑ഐഎസ്ആര്‍ഒ സംയുക്ത സംരംഭമായ നിസാര്‍ ഉപഗ്രഹം. യുഎസിലെ മേയ്ൻ തീരവും നോർത്ത് ഡക്കോട്ട കൃഷിഭൂമിയുമാണ് ആദ്യമായി ഉപഗ്രഹം പകര്‍ത്തിയത്.
ലോകത്തിന്റെ ഇരുവശങ്ങളിലുമുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തവും സഹകരണവും പ്രയോഗികമാകുമെന്നതിന്റെ ഉദാഹരണമാണ് ഈ ആദ്യ ചിത്രങ്ങൾ എന്ന് ഇന്ത്യൻ വംശജനും നാസയുടെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററുമായ അമിത് ക്ഷത്രിയ പറഞ്ഞു. ജൂലൈ 30 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ജിഎസ്എൽവി-എഫ് 16 റോക്കറ്റിലാണ് നിസാര്‍ (നാസ‑ഐഎസ്ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍) ഉപഗ്രഹം വിക്ഷേപിച്ചത്.
ഭൂമിയുടെ കരയിലും ഹിമ പ്രദേശങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുക എന്ന ദൗത്യമാണ് ഉപഗ്രഹം നിര്‍വഹിക്കുക. 743 കിലോമീറ്റര്‍ അകലെയുള്ള സൗര‑സ്ഥിര ഭ്രമണപഥത്തിലൂടെയാണ് നിസാര്‍ ഭൂമിയെ ചുറ്റുന്നത്. മണ്ണിടിച്ചില്‍, ഭൂകമ്പം, അഗ്നിപര്‍വ്വത സ്ഫോടനം തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ മുന്നോടിയായുള്ള ലക്ഷണങ്ങള്‍ കണ്ടെത്താന്‍ ഈ വിവരങ്ങള്‍ ശാസ്ത്രജ്ഞരെ സഹായിക്കും. അതുവഴി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാനും തയ്യാറെടുപ്പുകള്‍ നടത്താനും സാധിക്കും.

Exit mobile version