വടക്കൻ ഗോവയിൽ തീപിടിത്തമുണ്ടായ നിശാ ക്ലബ്ബിന്റെ ഉടമകളായ ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവർ തായ്‌ലൻഡ് നാടുകടത്തിയതിന് പിന്നാലെ ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായി. ഡിസംബർ ആറിന് 25പേരുടെ മരണത്തിനിടയാക്കിയ നിശാക്ലബ്ബിൽ ഉണ്ടായ തീപിടുത്തത്തിനു പിന്നാലെ ലുത്ര സഹോദരന്മാർ ഇന്ത്യയിൽ നിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് കടന്നുകളഞ്ഞിരുന്നു. ഇരുവരും ഡൽഹി വിമാനത്താവളത്തിൽ കസ്റ്റഡിയിലായെന്ന് കാണിക്കുന്ന ഫോട്ടോ ഗോവ പൊലീസ് പുറത്തുവിട്ടു. ട്രാൻസിറ്റ് റിമാൻഡ് ലഭിക്കാൻ ഇരുവരെയും ഡൽഹി കോടതിയിൽ ഹാജറാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡിസംബർ ആറിന് അർധരാത്രിയോടെ തീ ആളിപ്പടരുന്നതിനിടെ ഇവർ ടിക്കറ്റ് ബുക്ക് ചെയ്യുകയും അതേ ദിവസം പുലർച്ചെ 5.30 ന് പറന്നുയരുകയും ചെയ്തുവെന്ന് അന്വേഷകർ പറഞ്ഞു. തുടർന്ന് പൊലീസ് 24 മണിക്കൂറിനുള്ളിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യൻ അധികൃതരുടെ അഭ്യർഥനയെത്തുടർന്ന് തായ് ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച ഫുക്കറ്റിലെ ഒരു ഹോട്ടലിൽ വെച്ച് ഇരുവരെയും കസ്റ്റഡിയിലെടുത്തു. മരണങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് രേഖ സമർപ്പിച്ച് ഇന്ത്യൻ സംഘം തായ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തുകയും അവരെ തിരികെ നാടുകടത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

