Site iconSite icon Janayugom Online

കൊതി തീരെ കടൽ കണ്ട്. . മനം നിറഞ്ഞ് നിഷ

കൊതി തീരെ കടൽ കണ്ട്. . മനം നിറഞ്ഞ് കാപ്പാട് കണ്ണൻകടവ് സ്വദേശിനി നിഷ. അവിസ്മരണീയമായിരുന്നു നിഷയുടെ ഇന്നലത്തെ സായാഹ്നം. നിഷയുടെ വീടും കടലും തമ്മിൽ കഷ്ടിച്ച് നൂറ്റമ്പത് മീറ്റർ അകലം മാത്രമാണുള്ളത്. വീട്ടിലിരുന്നാൽ കടലിരമ്പം കേൾക്കാം. എന്നാൽ നിഷയുടെ കാഴ്ചകൾക്ക് ഏറെ അകലെയായിരുന്നു കടൽ.

ഒന്നര വയസിൽ പോളിയോ ബാധിച്ച് ശരീരം മുഴുവൻ തളർന്ന് കിടപ്പിലായതാണ് നിഷ. പതിമൂന്നു വയസ്സുവരെ വിവിധ ആശുപത്രികളിലെ ജീവിതം. പിന്നീടുള്ള കാലം വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ടു. വീട്ടിൽ അമ്മയും മറ്റൊരു ബന്ധുവും മാത്രമാണുള്ളത്. അച്ഛൻ അടുത്തിടെ മരിച്ചു.

നിസ്സഹായതയും വേദനകളും നിറഞ്ഞ ജീവിതത്തിരമാലകൾ താണ്ടിയാണ് നിഷ ഇന്നലെ കാപ്പാട് കടപ്പുറത്തെത്തിയത്. വെള്ളത്തിലൂടെ തള്ളിക്കൊണ്ടുപോകുന്ന പ്രത്യേക വണ്ടിയിൽ കയറ്റി സുഹൃത്തുക്കൾ നിഷയ്ക്കായി ഉല്ലാസ യാത്രയും ഒരുക്കി. നാൽപ്പത്തേഴ് വയസ്സിനിടയിൽ തൊട്ടടുത്തുള്ള കടല്‍ കാണാന്‍ ഭാഗ്യമുണ്ടായിരുന്നില്ലെന്നും സുഹൃത്തുക്കൾ തന്നെ നയിച്ചത് അതിമനോഹരമായ കാഴ്ചകളിലേക്കായിരുന്നുവെന്നും നിഷ പറയുന്നു.

ഭിന്നശേഷിക്കാരുടെ സ്വതന്ത്ര കൂട്ടായ്മയായ ഏയ്ഞ്ചൽ സ്റ്റാർസിന്റെ വാർഷികമാണ് ജീവിതത്തിൽ നിഷ പങ്കെടുത്ത ഏക പൊതുപരിപാടി. ഏയ്ഞ്ചൽ സ്റ്റാർസ് പ്രവർത്തകരായ സാബിറ കെ പാറക്കൽ, പ്രഭാകരൻ എളാട്ടേരി, പ്രകാശൻ, ബിനേഷ് ചേമഞ്ചേരി, കോയ, മിനി, പ്രദീപൻ എന്നിവർ ചേർന്നാണ് നിഷയെ കാപ്പാടിന്റെ മനോഹര കാഴ്ചകളിലേക്ക് നയിച്ചത്.

ഒന്നര വയസ്സിൽ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി സ്വദേശിനി സാബിറ കെ പാറക്കലും അപകടത്തിൽ പരിക്കേറ്റ് ജീവിതം വീൽ ചെയറിലായ പ്രഭാകരൻ എളാട്ടേരിയും ചേർന്ന് 2013 ഫെബ്രുവരിയിലാണ് സംഘടന ആരംഭിച്ചത്. തങ്ങളെപ്പോലെ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൂട്ടായ്മ ഇന്ന് ജില്ലയിലെയും മറ്റു ജില്ലകളിലെയും ശാരീരിക അവശതകൾ അനുഭവിക്കുന്നവരുടെ ആശ്വാസകേന്ദ്രമാണ്.

Eng­lish summary;Nisha is full of mind

You may also like this video;

Exit mobile version