Site iconSite icon Janayugom Online

കോഴിക്കോട് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു: മകനെയും കൊലപ്പെടുത്താൻ ശ്രമം

മുക്കം എൻഐടി ക്വാർട്ടേഴ്സിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഗ്യാസ് സിലിണ്ടറിനു തീ കൊളുത്തി ആത്മഹത്യ ചെയ്തു. എൻഐടി സിവിൽ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റിലെ ടെക്നീഷ്യൻ കരുനാഗപ്പള്ളി സ്വദേശി അജയകുമാർ (56 ), ഭാര്യ ലിനി (50) എന്നിവരാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിയായ മകനു പൊള്ളലേറ്റു. പുലർച്ചെ നാലുമണിയോടെയാണ് സംഭവം.

ഭാര്യയേയും മകനെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു അജയകുമാർ കൃത്യത്തിനു തുനിഞ്ഞത്. ഇതിനായി പാചക വാതക സിലിണ്ടർ തുറന്നുവിട്ടു. കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ഇയാൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മകന്‍ മൊഴിനല്‍കിയത്. ഉറങ്ങി കിടന്ന മകനെയും തലയണ വെച്ച് ശ്വാസം മുട്ടിച്ചു. കുട്ടി അനങ്ങാതെ കിടന്നതോടെ മകനും മരിച്ചെന്ന് കരുതി അജയകുമാർ തീ കൊളുത്തുകയായിരുന്നു. ഇതിനിടയിൽ അടുക്കള വാതിൽ വഴി മകൻ ഓടിരക്ഷപ്പെട്ടു. പൊള്ളലേറ്റ കുട്ടിയെ പിന്നീട് കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം ആത്മഹത്യയെന്നായിരുന്നു പൊലീസ് കരുതിയത്. എന്നാൽ അച്ഛന് അമ്മയെ സംശയമായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ആർജ്ജിത്ത് മൊഴി നൽകി. അമ്മയെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടുവെന്നും ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്നും ആർജ്ജിത്ത് പൊലീസിന് മൊഴി നൽകി.

വീട്ടില്‍ നിന്നും നിലവിളി കേട്ട് പുറത്തിറങ്ങിയ അയൽവാസികൾ കണ്ടത് അലറി വിളിച്ച് പുറത്തേക്ക് ഓടുന്ന എട്ടാം ക്ലാസുകാരൻ ആർജ്ജിത്തിനെയാണ്. വീടിനുള്ളിൽ നിന്ന് വൻ തോതിൽ തീയും പുകയും കണ്ടതോടെ അയൽവാസികൾ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. ഫയർ ഫോഴ്സ് എത്തി തീ അണച്ചു. പിന്നീട് അകത്ത് കയറിയപ്പോൾ കണ്ടത്, രണ്ട് മുറികളിലായി പൊള്ളലേറ്റ് മരിച്ചു കിടക്കുന്ന അജയകുമാറിനെയും ഭാര്യ ലിനിയെയുമാണ്.

കരുനാഗപ്പള്ളി സ്വദേശികളാണ് മരിച്ച ദമ്പതികൾ. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. കോട്ടയം ആർഐടിയിലെ വിദ്യാർഥിനിയാണ്. ബുധനാഴ്ചയാണ് മകൾ വീട്ടിൽ നിന്നു കോട്ടയത്തെ കോളജിലേക്ക് മടങ്ങിയത്. പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ സുദർശൻ, സിഐ യൂസഫ് നടത്തറമ്മൽ, എസ്ഐ അഷ്റഫ്, എസ്ഐ അബ്ദുറഹിമാൻ തുടങ്ങിയവരും ഫയർഫോഴ്സും സ്ഥലത്തെത്തി. ആരോടും സൗഹൃദം ഇല്ലാത്ത ആളായിരുന്നു അജയകുമാറെന്ന് അയൽവാസികൾ പറയുന്നു. കഴിഞ്ഞ ഇരുപത് വർഷമായി കുടുംബവുമൊത്ത് ക്വാട്ടേഴ്സിലാണ് താമസിച്ചിരുന്നത്.

Eng­lish Sum­ma­ry: nit employ­ee killed his wife and com­mit­ted suicide
You may also like this video

Exit mobile version