Site iconSite icon Janayugom Online

കോഴിക്കോട് എന്‍ഐടിയിലെ രാത്രി നിയന്ത്രണം: പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 33 ലക്ഷം പിഴ

കോഴിക്കോട് എൻഐടിയിലെ രാത്രി നിയന്ത്രണത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് വൻ തുക പിഴയിട്ട് അധികൃതർ. എൻഐടിയിൽ നടന്ന സമരത്തിൽ പങ്കെടുത്ത അഞ്ച് വിദ്യാർത്ഥികളിൽ നിന്ന് 33 ലക്ഷം രൂപ പിഴ ഈടാക്കണമെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മാർച്ച് 22 ന് എൻ ഐടി ക്യാമ്പസിൽ നടന്ന സമരത്തിന് നേതൃത്വം കൊടുത്തുവെന്ന് ആരോപിച്ചാണ് ഇവർക്കെതിരെയുള്ള പ്രതികാര നടപടി. ഒരു വിദ്യാർത്ഥി 6,61,155 ലക്ഷം രൂപ പിഴയായി അടയ്ക്കണം. വൈശാഖ് പ്രേംകുമാർ, കൈലാഷ് നാഥ്, ഇർഷാദ് ഇബ്രാഹിം, ആദർശ്, ബെൻ തോമസ് എന്നീ വിദ്യാർത്ഥികൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും ഉത്തരവിൽ പറയുന്നു.
സമരം കാരണം ജീവനക്കാർക്ക് ക്യാമ്പസിനുള്ളിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ അന്ന് കാമ്പസ് പ്രവർത്തിച്ചില്ല.

സമരം മൂലം ഒരു പ്രവൃത്തി ദിനം നഷ്ടമായെന്നും ഇതുകാരണം ക്യാമ്പസിനുണ്ടായ നഷ്ടം നികത്താൻ വിദ്യാർത്ഥികൾ നഷ്ടപരിഹാരം നൽകണമെന്നുമാണ് ഉത്തരവിലുള്ളത്. വിദ്യാർത്ഥികൾ അർധരാത്രിക്ക് മുമ്പ് ഹോസ്റ്റലിൽ തിരിച്ചു കയറണമെന്നതടക്കമുള്ള സർക്കുലർ എൻഐടി ഡീൻ പുറത്തിറക്കിയതിന് പിന്നാലെയാണ് സമരവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയത്. ഇരുപത്തിനാല് മണിക്കൂർ പ്രവർത്തിച്ചിരുന്ന ക്യാന്റീൻ രാത്രി പതിനൊന്ന് മണിവരെയാക്കി ചുരുക്കുകയും ചെയ്തിരുന്നു. രാത്രി പുറത്തുപോകുന്നത് വിദ്യാർത്ഥികളുടെ സുരക്ഷയെ ബാധിക്കുമെന്നും അന്നത്തെ സർക്കുലറിൽ ഉണ്ടായിരുന്നു.

Exit mobile version