Site iconSite icon Janayugom Online

നിഥാരി കൊലപാതക പരമ്പര; വധശിക്ഷയ്‌ക്ക് വിധിച്ച പ്രതികളെ വെറുതെ വിട്ടു

രാജ്യത്തെ ഞെട്ടിച്ച നിഥാരി കൊലപാതക പരമ്പരയില്‍ വധശിക്ഷയ്‌ക്ക് വിധിച്ച പ്രതികളെ വെറുതെവിട്ട് അലഹബാദ് ഹൈക്കോടതി ഉത്തരവ്. മുഖ്യപ്രതി സുരേന്ദ്ര കോലി, കൂട്ടുപ്രതി മൊനീന്ദർ സിങ് പാന്ഥർ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. വിചാരണകോടതി വധശിക്ഷ വിധിച്ച 12 കേസുകളിലാണ് സുരേന്ദ്ര കോലിയെ അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടത്. മൊനീന്ദര്‍ സിങ് പാന്ഥറിനെ രണ്ടുകേസുകളിലും ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഈ കേസുകളില്‍ മൊനീന്ദര്‍ സിങ്ങിനും വിചാരണ കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു.

2005 മുതല്‍ 2006 വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണ് നിഥാരി കൂട്ടക്കൊല. 2006 ഡിസംബറില്‍ നിഥാരിയിലെ അഴുക്കുചാലില്‍നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതോടെയാണ് കൂട്ടക്കൊല പുറംലോകമറിയുന്നത്. 17-ഓളം കുട്ടികളുടെ അസ്ഥികൂടമാണ് ഇവിടെനിന്ന് കണ്ടെടുത്തത്.

കുട്ടികളെ മിഠായിയും ചോക്ലേറ്റും നല്‍കി വീട്ടിലേക്ക് കൊണ്ടുവന്ന സുരേന്ദ്ര കോലി ഇവരെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. മാത്രമല്ല, കുട്ടികളുടെ മൃതദേഹങ്ങളോടും ഇയാള്‍ ലൈംഗികാതിക്രമം നടത്തിയതായും മൃതദേഹാവശിഷ്ടങ്ങള്‍ ഭക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. കൃത്യം നടത്തിയ ശേഷം മൃതദേഹാവശിഷ്ടങ്ങളും അസ്ഥികളും വീടിന് പിറകിലെ കുഴിയിലാണ് പ്രതികള്‍ ഉപേക്ഷിച്ചിരുന്നത്. കോലിയുടെ തൊഴിലുടമയായ മൊനീന്ദര്‍ സിങ് പാന്ഥര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഇയാളും കേസില്‍ പിടിയിലായി.

നിഥാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2014 സെപ്റ്റംബര്‍ എട്ടിന് സുരേന്ദ്ര കോലിയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങിയെങ്കിലും സുപ്രീംകോടതി ഇത് റദ്ദാക്കുകയായിരുന്നു.

Eng­lish Sum­ma­ry: Nithari killings case: Alla­habad High Court acquits Surinder Koli, Monin­der Pandher
You may also like this video

Exit mobile version