Site iconSite icon Janayugom Online

വിശപ്പാകാൻ പട്ടിണികിടന്നു; മികച്ച നടി പട്ടം പോക്കറ്റിലാക്കി നിതീന

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടകമത്സരത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു എട്ടാം ക്ലാസുകാരി. ആദ്യമായി അഭിനയിക്കാനിറങ്ങി മികച്ച നടിക്കുള്ള പുരസ്കാരവും പോക്കറ്റിലിട്ട് കാസർകോടേയ്ക്ക് മടങ്ങുന്നത് ഇരിയണ്ണി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസുകാരി നിതീന കെ കെയാണ്.‘അടുപ്പത്തിലാണൊരു അടുപ്പ് ’ എന്ന നാടകത്തിൽ വിശപ്പായി വേഷമിട്ടാണ് കൊച്ചുകലാകാരി നേട്ടം സ്വന്തമാക്കിയത്. വിശപ്പായി വേഷമിടാൻ പട്ടിണികിടന്നാണ് നിതീന അരങ്ങിലെത്തിയതെന്ന് അറിയുന്നവര്‍ കയ്യടിച്ച് പോകും. ആദ്യരംഗത്തിൽ സ്റ്റേജിലെത്തിയത് മുതൽ അവസാനിക്കുന്നത് വരെ വിശപ്പിന്റെ എല്ലാം മറന്നുള്ള പ്രകടനമായിരുന്നു നാടകത്തിന്റെ ഹൈലൈറ്റ്. 

അസാധ്യ മെയ്‍വഴക്കം ആവശ്യമായിരുന്ന വേഷമായിരുന്നു വിശപ്പിന്റെത്. സ്റ്റേജിൽ പ്രത്യേകം തയാറാക്കിയ കോണിപ്പടിയിൽ ചാടി കയറി തലകീഴായി തൂങ്ങിനിന്ന് ഡയലോഗ് പറഞ്ഞ നിതീനയുടെ ഓരോ നീക്കത്തിനും ആവേശത്തോടെ കയ്യടിച്ചാണ് സദസ് പ്രോത്സാഹനം നൽകിയത്. ആദ്യമായി അഭിനയിക്കുന്നതിന്റെ പോരായ്മകളൊന്നും നിതീനയിൽ കാണാനില്ലായിരുന്നു. ഇനിയും കിട്ടുന്ന വേദികളിലും അഭിനയം തുടരാനാണ് ഈ കലാകാരിയുടെ തീരുമാനം. അരുൺ പ്രിയദർശൻ സംവിധാനം ചെയ്ത നാടകത്തിൽ നിതീനയ്ക്ക് പുറമേ വേഷമിട്ട അലൻ, നിരഞ്ജൻ, തന്മയ, ദേവാനന്ദൻ, ശ്രേയ, ഹരിശ്രീ, ശിവാനന്ദ, പ്രീതിക തുടങ്ങിയവരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ചന്തുക്കുട്ടിയാണ് നിതീനയുടെ പിതാവ്. അമ്മ മിനി വി. സഹോദരി നിയ.

Eng­lish Sum­ma­ry; Niti­na best actress ker­ala state school kalol­savam 2023
You may also like this video

Exit mobile version